കോഴഞ്ചേരി: സഭ ഒരു തിരുത്തല്‍ ശക്തി ആകണമെന്നും ലോകത്തിന് വെളിച്ചമാകണമെന്നും ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് എപ്പിസ്‌ക്കോപ്പ പ്രസ്താവിച്ചു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ സഭയും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എന്ന വിഷയത്തില്‍ കോഴഞ്ചേരി പുന്നക്കാട് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പാരീഷ് ഹാളില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവനന്മ എന്ന ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ ഉറക്കം കെടുത്തുന്നതായും ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സഭയ്ക്ക് രാഷ്ട്രീയ പ്രസ്ഥാനങ്ങളോടുള്ള നിലപാട് അവരുടെ നയങ്ങളും പ്രവര്‍ത്തികളും നോക്കിയാകണമെന്നും അദ്ദേഹം വ്യക്തമാക്കി. കെ.സി.സി. ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് അധ്യക്ഷത വഹിച്ചു. സന്ദീപ് വാര്യര്‍ (ബി.ജെ.പി), അഡ്വ. പഴകുളം മധു (കോണ്‍ഗ്രസ്), അഡ്വ. ഫീലിപ്പോസ് തോമസ് (സി.പി.ഐ.എം) എന്നിവര്‍ വിഷയാവതരണം നടത്തി. മല്ലപ്പുഴശ്ശേരി സോണ്‍ പ്രസിഡന്റ് റവ. ടൈറ്റസ് തോമസ്, സെക്രട്ടറി പ്രസാദ് പുന്നക്കാട്, റവ. പ്രിന്‍സ് ജോണ്‍, റവ. ബിനു ജോണ്‍ എന്നിവര്‍ സംസാരിച്ചു.