പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ ഭവന രഹിതരായി സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിത് നൽകുന്ന 352 – മത് സ്നേഹഭവനം സ്വന്തമായി വീടും സ്ഥലവും ഇല്ലാതിരുന്ന ജയ്സനും കുടുംബത്തിനും ആയി ജോൺ, നിത ദമ്പതികളുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും കോന്നി എം.എൽ.എ. അഡ്വ. കെ. യു. ജനീഷ് കുമാർ നിർവഹിച്ചു. ആലപ്പുഴ സ്വദേശിയായ ജെൻസൺ ട്രാൻസ്മെൻ ആയതിനാൽ വീട്ടുകാരും നാട്ടുകാരും ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിൽ കോഴിക്കോട് സ്വദേശിനിയായ ആലീസ് എന്ന ആളുമായി പരിചയത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. അങ്ങനെ ഇടവകക്കാരും മറ്റുള്ളവരും അംഗീകരിക്കാതെ വന്നപ്പോൾ ആലപ്പുഴയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
വാടകവീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന സമയത്ത് എങ്ങോട്ട് പോകണം എന്നറിയാതെ ജയ്സണും ആലീസും ടീച്ചറിനെ വിളിക്കുകയും അവരുടെ പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തപ്പോൾ ടീച്ചർ അവർക്കായി ചിറ്റാറിൽ അഞ്ച് സെൻറ് സ്ഥലം നൽകുകയും അതിൽ മൂന്ന് മുറികളും അടുക്കളയും ഹാളും ബാത്റൂമും അടങ്ങിയ രണ്ട് നിലകളിലായി പണിത വീട് നൽകുകയും ആയിരുന്നു. ജയ്സൺ ഇന്ന് ട്രാൻസ് മെൻ ബോഡി ബിൽഡർ വിഭാഗത്തിലെ മിസ്റ്റർ ഇന്ത്യ പദവിയിലേക്ക് എത്തുകയും ചെയ്തു. കേരളത്തിൽ ആദ്യമായിട്ടാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള ഒരു കുടുംബത്തിന് സ്വന്തമായി വീടും സ്ഥലവും എന്ന സ്വപ്നം ടീച്ചറിൽ കൂടെ സാക്ഷാത്കരിക്കുന്നത്. ചടങ്ങിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ബഷീർ, വാർഡ് മെമ്പർ നിഷ അഭിലാഷ്, സി.ഡി.എസ്. ചെയർപേഴ്സൺ മിനി, പ്രോജക്ട് കോഡിനേറ്റർ കെ. പി .ജയലാൽ എന്നിവർ പ്രസംഗിച്ചു.