പത്തനംതിട്ട : സാമൂഹ്യപ്രവർത്തക ഡോ.എം.എസ് സുനിൽ ഭവനരഹിതരായ കുടിലുകളിൽ കഴിയുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമായി നിർമിച്ചുനൽകുന്ന 252 – മത് സ്നേഹ ഭവനം ആയുർ ചെപ്പിലോട് വലിയപുര വീട്ടിൽ വിധവയായ സോഫിയായിക്കും രണ്ട് പെൺകുഞ്ഞുങ്ങൾക്കുമായി വിദേശ മലയാളിയായ ജിജിയുടെ സഹായത്താൽ നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും കൊല്ലം പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പ്രദീപ് കുമാർ നിർവ്വഹിച്ചു.
നാലു വർഷങ്ങൾക്കു മുമ്പ് ആയുർ ജംഗ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സോഫിയയുടെ ഭർത്താവായ രാജു മരണപ്പെടുകയും കാലിന് സ്വാധീനമില്ലാത്ത സോഫിയ രണ്ട് പെൺ കുഞ്ഞുങ്ങളുമായി മറ്റുമാർഗ്ഗങ്ങൾ ഒന്നുമില്ലാതെ ചോർന്നൊലിക്കുന്ന സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു താമസം. ഇവരുടെ ദയനീയസ്ഥിതി അറിയുവാൻ ഇടയായ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയുമടങ്ങിയ ഒരു ഭവനം നിർമ്മിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ ലാലി ജോസഫ്, പ്രോജക്ട് കോഡിനേറ്റർ കെ.പി ജയലാൽ, ഹരികുമാർ, അജയൻ.എസ്. എന്നിവർ പ്രസംഗിച്ചു.