നാമ: ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ ഡോ. പ്രദീപ് ഡോ. പ്രദീപ്സിങ് രാജ്‌പുരോഹിത്. ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം ഔദ്യോഗിക അധികാരപത്രം (ലെറ്റർ ഓഫ് ക്രെഡൻസ്) ഏറ്റുവാങ്ങിയതായി മനാമയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഉടൻ തന്നെ മനാമയിലെത്തി ഔദ്യോഗികമായി ചുമതലയേൽക്കും. വിനോദ് കെ. ജേക്കബിന് പകരക്കാരനായാണ് പ്രദീപ്സിങ് രാജ്‌പുരോഹിതനെ നിയമിച്ചത്. 2004-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന കരിയർ ഡിപ്ലോമാറ്റാണ് അദ്ദേഹം.
2023 മുതൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി തുടരുകയായിരുന്നു. ഗ്രെനഡ, കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും അദ്ദേഹം അധിക ചുമതല വഹിച്ചിരുന്നു.ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ മിഡിൽ ഈസ്റ്റ് മേഖലയുടെ (വെസ്റ്റ് ഏഷ്യ ആൻഡ് നോർത്ത് ആഫ്രിക്ക) ഡയറക്ടർ ജനറലായി (ജോയിന്റ് സെക്രട്ടറി) സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാഖ് റിപ്പബ്ലിക്കിലെ ഇന്ത്യൻ അംബാസഡറായും (2017 – 2019), സൗദി അറേബ്യയിലെ ഡെപ്യൂട്ടി അംബാസഡറായും (2019 – 2020) പ്രവർത്തിച്ചിട്ടുണ്ട്.




























