റാന്നി: റാന്നിയിൽ നടത്തിയ തൊഴിൽമേളയിൽ പങ്കെടുത്ത പകുതി പേർക്കും ജോലി ലഭിക്കുന്ന കാര്യം ഉറപ്പായതായി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. റാന്നി സെൻ്റ് തോമസ് കോളേജിൽ ആരംഭിച്ച വിജ്ഞാന പത്തനംതിട്ട മെഗാ തൊഴിൽമേളയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുമായി ബന്ധപ്പെട്ട 12000 ഉദ്യോഗസ്ഥകളാണ് ബന്ധപ്പെട്ടത്. ഇതിൽ 3124 പേർ പേര് രജിസ്റ്റർ ചെയ്തു ജോലിക്ക് അപേക്ഷ നൽകി. 1167 ഉദ്യോഗാർത്ഥികളാണ് തൊഴിൽമേളയിൽ പങ്കെടുത്തത്. 207 പേർക്ക് ഇൻറർവ്യൂ കഴിഞ്ഞു ഉടൻ തന്നെ ജോലി ഉറപ്പാക്കി 499 പേരുടെ ചുരുക്കപ്പട്ടികയും എടുത്തിട്ടുണ്ട്. ഒരു ഇന്റർവ്യൂ നടത്തി അതിൽ ഭൂരിപക്ഷം പേരെയും ജോലിക്ക് എടുക്കുമെന്നാണ് കമ്പനികൾ അറിയിച്ചത്.
അഭിമുഖത്തിൽ പങ്കെടുത്ത് പരാജയപ്പെട്ടവരുടെ പോരായ്മകൾ കമ്പനി അധികൃതരുമായി സംസാരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. അവരെ പരിശീലിപ്പിക്കുക തുടർന്നുള്ള അഭിമുഖങ്ങളിൽ പ്രാപ്തരാക്കുകയും ലക്ഷ്യമുണ്ട്. പേര് രജിസ്റ്റർ ചെയ്തിട്ടും ഇൻറർവ്യൂവിന് എത്താത്തവരെ ബന്ധപ്പെട്ട് കാരണങ്ങൾ കണ്ടെത്തി അവർക്കും വേണ്ട സഹായവും പരിശീലനവും നൽകും. ഒക്ടോബർ മാസം വിപുലമായ തോതിൽ ജോബ് എക്സ്പോ നടത്തും. ഇതിൽ എല്ലാവരെയും അഭിമുഖ പരീക്ഷയ്ക്ക് പ്രാപ്തരാക്കി എടുക്കും. കുട്ടികളെ ജോലിക്ക് പ്രാപ്തരാക്കുന്നതിന് കോളേജ് അധ്യാപകരുടെയും പെൻഷൻ ആയ അധ്യാപകരുടെയും സേവനം ലഭിക്കുന്നുണ്ട്.
വിജ്ഞാന പത്തനംതിട്ടയിലൂടെ ഇതുവരെ ആയിരത്തിലധികം പേർക്ക് ജോലി ലഭിച്ചു കഴിഞ്ഞു. 10000 നേഴ്സുമാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നോർക്ക, ഒഡേപക്, കെ ഡിസ്ക് എന്നിവ വഴി ഓൺലൈൻ പരിശീലനം നൽകി വേണം ഇവരെ ഇൻറർവ്യൂവിന് ഹാജരാക്കാൻ. ഇതുവരെ 40 നഴ്സുമാർക്കാണ് വിജ്ഞാന പത്തനംതിട്ട വഴി പുറത്ത് ജോലി ലഭിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു. മൈഗ്രേഷൻ കോൺക്ലേവ് ജനറൽ കൺവീനർ എ പത്മകുമാർ, വിജ്ഞാന പത്തനംതിട്ട ജോ സെക്രട്ടറി അഡ്വ. റോഷൻ റോയി മാത്യു, വിജ്ഞാന പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ബി ഹരികുമാർ, സെൻറ് തോമസ് കോളേജ് മാനേജ്മെൻറ് കമ്മിറ്റി അംഗം പ്രൊഫ റോയി മേലേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.