തിരുവല്ല: ദൈവം നല്കിയ നന്മയെ തിന്മയാക്കരുതെന്ന് ഡോ. തിയൊഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. മുലപ്പാലില്‍പ്പോലും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തുന്ന കാലഘട്ടത്തില്‍ പരിസ്ഥിതി ബോധത്തിലേക്കും പ്രകൃതിയിലേക്കും തിരികെ ചേരുവാനുള്ള ആത്മധൈര്യം ഉണ്ടാകണമെന്നും ജീര്‍ണ്ണതയില്‍ നിന്നുമുള്ള സമഗ്രമായ പുനരുദ്ധാരണത്തിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ എന്നിവയുടെ ദേശീയ കണ്‍സീലിയര്‍ ഫോറമായ കമ്മ്യൂണിയന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (സി.സി.ഐ)യുടെ സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവല്ല തോലശ്ശേരി സെന്റ് തോമസ് സി.എസ്.ഐ. പള്ളിയില്‍ പരിസ്ഥിതി സംരക്ഷണത്തോടുള്ള ക്രൈസ്തവ പ്രതികരണം എന്ന വിഷയത്തില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.
ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കള്‍ക്ക് പകരം തുണി കൊണ്ടും പാള കൊണ്ടും മറ്റുമുള്ള പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ബിഷപ്പ് തോമസ് സാമുവേല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. മാത്യു കോശി പുന്നക്കാട് വിഷയാവതരണം നടത്തി. സി.സി.ഐ. ദേശീയ എക്സിക്യൂട്ടീവ് സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, മാര്‍ത്തോമ്മാ സഭാ ട്രസ്റ്റി രാജന്‍ ജോക്കബ്, റവ. അലക്സ് പി. ഉമ്മന്‍, റവ. ഡോ. ബിജു എസ്. തങ്കച്ചന്‍, റവ. ടോണി ഈപ്പന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.