കൊല്ലം : ഡോ. വന്ദനാ ദാസ് കൊലപാതക കേസ് പ്രതിയുടെ ആവിശ്യം രേഖാമൂലം സമർപ്പിക്കണമെന്ന് കോടതി. ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ അഭിഭാഷകനെ ഹാജരാക്കുവാൻ സമയം ചോദിച്ചുള്ള പ്രതിയുടെ ആവിശ്യം രേഖാമൂലം സമർപ്പിക്കണമെന്ന് കോടതി. കൊല്ലം അഡിഷണൽ ഡിസ്ട്രിക്ട് സെക്ഷൻ കോടതി I ൽ കേസ് പരിഗണിക്കവെയാണ് പുതിയ അഭിഭാഷകനെ ഹാജരാക്കുവാൻ പ്രതി കൂടുതൽ സമയം വീണ്ടും ആവശ്യപ്പെട്ടത്. പ്രതിഭാഗത്തിനായി ഹാജരായിരുന്ന രണ്ട് അഭിഭാഷകരും മരണപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി പുതിയ അഭിഭാഷകനെ ഹാജരാക്കുവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്.
ഈ മാസം 26-ആം തിയതി കേസ് പരിഗണിക്കുമ്പോൾ പ്രതിയുടെ ആവിശ്യം രേഖാമൂലം നൽകണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസ് കൊലപാതക കേസിന്റെ വിചാരണ പ്രതിയുടെ അഭിഭാഷകർ മരിച്ചുവെന്നതിന്റെ മറവിൽ നീട്ടിക്കൊണ്ട് പോകുവാനുള്ള പ്രതി ആസൂത്രിത നീക്കം നടത്തുന്നതിനാൽ പ്രതിഭാഗത്തിന്റെ ആവിശ്യം കോടതിയിൽ പ്രോസിക്യൂഷനെ കൊണ്ട് എതിർക്കണമെന്ന് കാണിച്ച് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും സംസ്ഥാന പോലീസ് മേധാവിക്കും പരാതിയും നൽകിയിട്ടുണ്ട്.