തിരുവനന്തപുരം: കൊട്ടരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിതാ ഡോക്ടര്‍ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാന വ്യാപകമായി ആരംഭിച്ച സമരം പിജി ഡോക്ടര്‍മാര്‍ ഭാഗികമായി പിന്‍വലിച്ചു. എമര്‍ജന്‍സി ഡ്യൂട്ടി ചെയ്യാന്‍ തീരുമാനമായി. ഒ പി ബഹിഷ്‌കരണം തുടരും. ഇക്കാര്യത്തില്‍ കമ്മറ്റി കൂടി തീരുമാനമെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രിയില്‍ നിന്നും ഉറപ്പ് കിട്ടിയതായി പിജി ഡോക്ടര്‍മാര്‍ അറിയിച്ചു.
മതിയായ സെക്യൂരിറ്റിയുള്ള സ്ഥലങ്ങളില്‍ മാത്രമേ ഹൗസ് സര്‍ജന്‍മാരെ നിയമിക്കൂ എന്ന ഉറപ്പും ലഭിച്ചു. ഈ സാഹചര്യത്തിലാണ് സമരം ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതേ സമയം, ഹൗസ് സര്‍ജന്മാര്‍ സമരം പിന്‍വലിക്കുന്നതില്‍ തീരുമാനമായില്ലെന്നും പിജി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ഡോ.വന്ദനക്ക് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ ലഭിച്ചില്ലെന്ന് സഹപ്രവര്‍ത്തക ഡോ.നാദിയ ആരോപിച്ചു. ഇവര്‍ ജോലി ചെയ്തിരുന്ന താലൂക്ക് ആശുപത്രിയില്‍ അതിനുള്ള സൗകര്യം ഇല്ലായിരുന്നെന്നും ഡോ.നാദിയ ആരോപിച്ചു. മെഡിക്കല്‍ ഇന്റ്യുബേഷനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ശ്വാസകോശത്തില്‍ കുത്തേറ്റത് കണ്ടെത്തിയില്ല. അത് നടന്നിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ഇവര്‍ ആരോപിച്ചു.