കോന്നി : പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനം അശാസ്ത്രീയവും ജനജീവിതത്തെ സാരമായി ബാധിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി കോന്നി എം.എൽ.എ. അഡ്വ.കെ.യു. ജനീഷ് കുമാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നൽകി. കോന്നി നിയോജകമണ്ഡലത്തിലെ അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് വില്ലേജുകളെ പൂർണ്ണമായും കോന്നി താഴം വില്ലേജിനെ ഭാഗികമായും ഉൾപ്പെടുത്തിയത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും പ്രാദേശിക ജനപങ്കാളിത്തവും കൃത്യമായ അതിർത്തി നിർണ്ണയവുമില്ലാതെ മുന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും എം.എൽ.എ. നല്‍കിയ പരാതിയിൽ പറയുന്നു.
98 വില്ലേജുകളിലായി 8,590.69 ചതുരശ്ര കിലോമീറ്റർ വിസ്തൃതി മാത്രമാണ് പരിസ്ഥിതിലോല പ്രദേശമായി നിലനിർത്തേണ്ടതെന്ന് 2024 നവംബർ 2-ന് കേരളം കേന്ദ്രത്തിന് ശുപാർശ നൽകിയിരുന്നതാണ്. ഇത് പാർലമെന്‍റിൽ കേന്ദ്ര സർക്കാർ ശരിവെച്ചതുമാണ്. എന്നാൽ ഇപ്പോഴത്തെ കരട് വിജ്ഞാപനത്തിൽ ഇത് 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററാക്കി ഉയർത്തിയത് എന്ത് ശാസ്ത്രീയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമായി ചുരുക്കിയത് സാധാരണക്കാരായ ജനങ്ങൾക്കുള്ള അവകാശ ലംഘനമാണെന്നും വിജ്ഞാപനങ്ങൾ മലയാളത്തിൽ ലഭ്യമാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു. കേവലം വില്ലേജ് പേരുകൾ പ്രഖ്യാപിക്കുന്നതിന് പകരം ജനങ്ങൾക്ക് സ്വന്തം ഭൂമി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കുന്ന തരത്തിലുള്ള കാഡസ്ട്രൽ/ജി.ഐ.എസ്. ഭൂപടങ്ങളും സർവേ നമ്പറുകളും കേന്ദ്രം ഔദ്യോഗികമായി പ്രസിദ്ധീകരിക്കണം. ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിക്കാതെ കൃത്യമായ ഫീൽഡ് തല പരിശോധനയും വിദഗ്ധ സമിതി വിലയിരുത്തലുകളും ഇതിനായി നടത്തേണ്ടതുണ്ട്.
ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ, സ്കൂളുകൾ, റോഡുകൾ, മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നും കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിച്ച് ജനങ്ങൾക്ക് തടസ്സവാദങ്ങൾ ഉന്നയിക്കാൻ മതിയായ സമയം അനുവദിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. കൂടാതെ വനാവകാശ നിയമപ്രകാരം ആദിവാസി വിഭാഗങ്ങൾക്കും പരമ്പരാഗത വനവാസികൾക്കും ലഭിച്ചിട്ടുള്ള നിയമപരമായ അവകാശങ്ങൾ കവർന്നെടുക്കരുതെന്നും ഗ്രാമസഭകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങൾ മാനിച്ച് മാത്രമേ അന്തിമ വിജ്ഞാപനത്തിലേക്ക് കടക്കാവൂ എന്നും അഡ്വ.കെ.യു.ജനീഷ് കുമാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോടെ ആവശ്യപ്പെട്ടു.
































