അത്തിക്കയം : കുടിവെള്ള ക്ഷാമം അതിരൂക്ഷമായതിനു പിന്നാലെ പഞ്ചായത്ത് ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു. നാറാണംമൂഴി പഞ്ചായത്ത് ഓഫീസാണ് ഇന്നു രാവിലെ മുതല്‍ പഞ്ചായത്തിലെ കുടമുരട്ടി വാര്‍ഡിലെ കൊച്ചുകുളം നിവാസികള്‍ ഉപരോധിച്ചത്. നാട്ടുകാരുടെ കടുത്ത ഉപരോധത്തിന് പിന്നാലെ രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്ന അധികൃതരുടെ ഉറപ്പിലാണ് ഒടുവിൽ ഉപരോധം അവസാനിച്ചത്. കൊച്ചുകുളം മേഖലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ജലഅതോറിറ്റിയുടെ പൈപ്പിലൂടെ വെള്ളം വരാതെ ആയിട്ട് രണ്ടു മാസത്തിലേറെയായി. കുടമുരട്ടിയിലുള്ള പമ്പുഹൗസിലെ മോട്ടോര്‍ തകരാറിലായതാണ് അതിന് കാരണം.
ഒരാഴ്ചക്കകം തകരാര്‍ പരിഹരിച്ച് പമ്പിംങ് പുനരാരംഭിക്കാവുന്നതായിട്ടും അധികൃതര്‍ കുറ്റകരമായ അനാസ്ഥ കാട്ടിയതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. വെള്ളം വിലകൊടുത്തു വാങ്ങാം എന്നു വിചാരിച്ചാൽ റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ വാഹനങ്ങളും എത്തില്ല. അവസാനം ഗതികെട്ട് നാട്ടുകാര്‍ വാര്‍ഡംഗത്തെ സമീപിച്ചെങ്കിലും കൈമലര്‍ത്തി. ഇതോടെ നാട്ടുകാര്‍ സംഘടിച്ച് പഞ്ചായത്ത് ഓഫീസിലേയ്ക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് സമരക്കാരുമായി പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ച നടത്തി.രണ്ടു ദിവസത്തിനകം മോട്ടോര്‍ തകരാര്‍ പരിഹരിച്ച് വെള്ളം എത്തിക്കാമെന്ന ഉറപ്പും നൽകി.
കൂടാതെ പമ്പിംങ് നടത്തുന്ന കുളം ശുചീകരിച്ചു നല്‍കാമെന്നും പരിഹാരമായില്ലെങ്കില്‍ വാഹനത്തില്‍ വെള്ളം എത്തിക്കാമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് സോണിയ മനോജ്,സെക്രട്ടറി ശ്രീലത എന്നിവര്‍ നാട്ടുകാരുടെ പ്രതിനിധികളായ ഷീബാ ഓലിയ്ക്കല്‍,സൗമ്യ കിഷോര്‍,വിനോദ് ഓലിയ്ക്കല്‍,യശോധരന്‍ പനച്ചിപ്പാറ,ഉഷാ വിജയന്‍,മോന്‍സി പുള്ളോലില്‍,ദിനേശന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയാണ് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയത്.