ഡ്രൈവിങ് ലൈസൻസിലെ തെറ്റ് തിരുത്താനുള്ള എളുപ്പവഴിയുമായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ്. പേരിലെ അക്ഷരതെറ്റുകൾ, അച്ഛന്റെയോ/ ഭര്‍ത്താവിന്റെയോ പേരിലെ തെറ്റുകൾ, ജനന തീയ്യതി, മേൽവിലാസ എന്നിവയിലെ പിശകുകൾ എന്നിവയെല്ലാം ഇങ്ങിനെ തിരുത്താവുന്നതാണ്. http://sarathi.parivahan.gov.in എന്ന വെബ് വിലാസത്തിൽ പ്രവേശിച്ചാണ് തിരുത്തൽ വരുത്തേണ്ടത്. ആദ്യം ഡി എല്‍ സര്‍വീസ് (Replace of DL/Others) എന്ന മെനുവിൽ കയറുക.
പുതിയ ഫോർമാറ്റിൽ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്തു കൊടുക്കുക. (ഉദാ: KL13 2006000XXXX). ജനന തീയ്യതി രേഖപ്പെടുത്തി കണ്‍ഫേം ബട്ടൺ അമർത്തുക. സ്ക്രീനിൽ കാണുന്നത് സ്വന്തം ലൈസൻസ് ഡീറ്റയിൽസ് ആണെങ്കിൽ യെസ് എന്ന് സെലക്ട് ചെയ്യുക. നമ്മുടെ കയ്യിലുള്ള ലൈസൻസിലെ State ഉം “RTO” ഉം സെലക്ട് ചെയ്ത് “Proceed” അമർത്തുക. മൊബൈൽ നമ്പർ, ഇ മെയിൽ, ലിംഗം, യോഗ്യത എന്നിവ രേഖപ്പെടുത്തുക. അതിന് ശേഷം സ്ഥിര മേൽവാസവും ഇപ്പോഴത്തെ മേൽവിലാസവും രേഖപ്പെടുത്തണം. നമ്മുടെ കയ്യിലുള്ള ഡ്രൈവിങ് ലൈസൻസിലെ സ്ഥിര /താൽക്കാലിക മേൽവിലാസങ്ങളിലെ താലൂക്ക്, വില്ലേജ് , പിൻകോഡ് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്.
അല്ലാതെ നിലവിലുള്ളവയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അതിന് ശേഷം confirm അമർത്തുക. തുടർന്ന് ചോദിക്കുന്ന വിവരങ്ങൾക്ക് ടിക് ഇടുക. ഒരു സർവ്വീസിന് 505 രൂപയാണ് ഫീസ്. പിന്നീടുള്ള സർവീസുകൾക്ക് 260 രൂപ അടക്കണം. കൂടാതെ ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. പാസ്പോർട്ട്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് തുടങ്ങിയവയാണ് ആവശ്യമുള്ള രേഖകൾ. പേരിലെയോ ജനന തീയ്യതിയിലേയോ തെറ്റുകൾ തിരുത്തുന്നതിന് ചില കേസുകളിൽ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടി വന്നേക്കാം. അതിനുള്ള സ്ലോട്ടും ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്.