പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പർഹിറ്റ് ചിത്രം ഡ്രൈവിങ് ലൈസൻസ് ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാകും റീമേയ്ക്കിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുക. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിൾ ഇൻസ്പെക്ടറുടെ വേഷത്തിൽ ഇമ്രാൻ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറാണ് നിർമിക്കുന്നത്.
ബോളിവുഡിന് ചേർന്ന മാറ്റങ്ങളോടെയാകും റീമേയ്ക്ക് എത്തുക. അടുത്ത വർഷം ജനുവരിയിൽ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. വിദേശത്താണ് പ്രധാന ലൊക്കേഷൻ. സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തിൽ സംവിധാനം ചെയ്തത് ജീൻ പോൾ ലാൽ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, ലാലു അലക്സ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.