തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവരെ തെളിവ് സഹിതം കുടുക്കാന്‍ പോലീസിനെ സഹായിക്കാനിറങ്ങിയ ഡ്രോണ്‍ കാമറ ഓപ്പറേറ്റര്‍മാരുടെ കാര്യം കഷ്ടത്തിലായി. നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും സ്പെയര്‍ പാര്‍ട്സുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്യുന്നതാണ് പ്രശ്നം. തുടക്കത്തില്‍ സൗജന്യ സേവനത്തിനിറങ്ങിയതിനാല്‍ പോലീസില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ നയാപൈസ പ്രതിഫലവും ലഭിക്കാതെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ പ്രതിസന്ധിയിലായി.
വിമാന സര്‍വീസുകളുള്‍പ്പെടെ ഗതാഗതം നിലച്ചതോടെ ഉപകരണങ്ങളുടെ ഭാഗങ്ങള്‍ ലഭ്യമല്ല. ഒരുപാട് ഡ്രോണുകള്‍ നിരീക്ഷണപ്പറക്കലിനിടെ ക്രാഷ് ആയി. പ്രാദേശികാടിസ്ഥാനത്തിലുള്ള സ്റ്റുഡിയോകളും ഫ്രീലാന്‍സ് വര്‍ക്കേഴ്സും ആയിരുന്നു പോലീസിനെ സഹായിക്കാനായി ഇറങ്ങിയത്.
വിവിധ സംഘടനകളില്‍പെട്ടവരും അല്ലാത്തവരുമായി മുന്നൂറോളം പേര്‍ സൗജന്യമായാണ് കൊവിഡ് പ്രതിരോധ നിരീക്ഷണങ്ങളില്‍ വ്യാപൃതരായത്. ലോക്ക് ഡൗണിന് മുമ്പ്തന്നെ കോര്‍ ടീം ഇത്തരത്തില്‍ 14 ജില്ലകളിലുമായി സംഘാടനം നടത്തുകയും ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയുമാണ്. കേരളത്തില്‍ 14 ജില്ലകളിലായി മുന്നൂറിലധികം ഡ്രോണ്‍ വോളണ്ടിയര്‍മാര്‍ ചെയ്യുന്ന സന്നദ്ധ സേവനത്തിന് സര്‍ക്കാരിന്റെയോ ആഭ്യന്തര വകുപ്പിന്റെയോ ഭാഗത്ത് നിന്ന് മതിയായ പരിഗണനയോ പ്രേത്സാഹനമോ ഉണ്ടാകുന്നില്ല. ലക്ഷങ്ങള്‍ മുതല്‍ മുടക്കുള്ള ഡ്രോണ്‍ കാമറയുടെയും ഓപ്പറേറ്റര്‍മാരുടെയും സേവനത്തിന് പതിനായിരത്തിലധികം രൂപയാണ് കുറഞ്ഞത് ഒരു ദിവസം പ്രതിഫലമായി ലഭിക്കേണ്ടത്. പോലീസിന് വേണ്ടി മൂന്നു കോടിയിലേറെ രൂപയുടെ സന്നദ്ധ സേവനങ്ങളാണ് കേരളത്തിലെ 350ഓളം ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ കൊവിഡ് കാലത്ത് ലഭ്യമാക്കുന്നത്.
ഉപജീവനമാര്‍ഗം പോലും നിലച്ചുപോയ ഈ അവസരത്തില്‍ ഉപകരണങ്ങളുടെ തേയ്മാനവും മറ്റ് കാര്യങ്ങളും വിസ്മരിച്ച് സേവനത്തിന് ഇറങ്ങിപ്പുറപ്പെട്ട തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.