റാന്നി: അവിട്ടം ജലമേളയിൽ നിന്നും റാന്നി എസ് എൻ ഡി പി യൂണിയൻ നൽകിയ എവറോളിംഗ് ട്രോഫി ഒഴിവാക്കിയ സംഭവത്തിൽ കടുത്ത അമർഷവുമായി യൂണിയൻ രംഗത്ത്. 2015 ൽ കെ വസന്തകുമാർ യൂണിയൻ പ്രസിഡന്റ് ആയിരിക്കെയാണ് ട്രോഫി അന്നത്തെ സംഘാടക സമിതിക്ക് നൽകിയത്. അതിന് ശേഷം പലതവണ ട്രോഫി ഉപയോഗിച്ചെങ്കിലും ഇപ്പോള്‍ ട്രോഫി ആരുടെ കൈവശം ഉണ്ട് എന്നുപോലും നിലവിലെ സംഘാടകർക്ക് അറിയില്ല എന്നും ആക്ഷേപം ഉണ്ട്. ജലമേള തുടങ്ങിയ വർഷം മുതൽ യൂണിയന്റെ പ്രാധിനിത്യം ഉണ്ടായിരുന്നെങ്കിലും ഈ വർഷം യൂണിയൻ ഭാരവാഹികളെ ഉൾപ്പെടുത്താത്തത് സംഘാടക സമിതിയിൽ ഉൾപ്പെട്ട ചില ആളുകളുടെ താല്പര്യമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഇതിനിടയിൽ യൂണിയന്റെ പേരില്‍ നല്‍കിയ എവറോളിംങ് ട്രോഫി മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയെന്ന ആരോപണവുമായി പത്രക്കുറിപ്പും ഇറക്കി. യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ മണ്ണടി മോഹനനാണ് പ്രസ്ഥാവന ഇറക്കിയത്. ഇത്തവണ റാന്നി അവിട്ടം ജലോത്സവം റാന്നിയില്‍ നിന്നും വെള്ളമില്ലെന്ന പേരില്‍ പുല്ലൂപ്രം കടവിലേക്കു സംഘാടകര്‍ മാറ്റിയിരുന്നു. പിന്നാലെ യൂണിയന്‍ നല്‍കിയ എവറോളിംങ് ട്രോഫിയും ഒഴിവാക്കി. എന്നാൽ നിലവിലെ സംഘാടകർക്ക് ഇത്തരത്തിൽ യൂണിയന്റെ പേരിൽ ഒരു ട്രോഫി ഉണ്ടായിരുന്നു എന്ന് പോലും അറിയില്ല എന്നത് വിരോധാഭാസമാണെന്നും ആരോപണം ഉയരുന്നുണ്ട്.
എല്ലാതവണയും സംഘടനയുടെ നേതൃത്വത്തെ അറിയിച്ചാണ് സംഘാടക സമതി ചേരുന്നത്. എന്നാല്‍ ഇത്തവണ വള്ളംകളിയുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യൂണിയനെ പാടെ തഴഞ്ഞു എന്നും ആരുടെ നിര്‍ദേശ പ്രകാരമാണ് ട്രോഫിയും യൂണിയന്‍ നേതൃത്വത്തെയും ഒഴിവാക്കിയതെന്ന് അറിയില്ലെന്നും യൂണിയന്‍ നേതൃത്വം പറയുന്നു. ഈ വിഷയത്തില്‍ ശക്തമായ പ്രതിക്ഷേധം ഉയര്‍ത്താനും യൂണിയനു കീഴിലെ 48 ശാഖകളും പോഷക സംഘടനകളും തീരുമാനിച്ചു. ഇത്തവണ വള്ളംകളി സ്പോണ്‍സര്‍ ചെയ്യുന്നവര്‍ പരിപാടി ഹൈജാക്ക് ചെയ്തെന്ന ആരോപണവും ഉയരുന്നുണ്ട്. ഈ സംഭവത്തോടെ റാന്നിയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക ,സാംസ്കാരിക നേതാക്കൾ ഉൾപ്പെടുന്ന സംഘാടകസമിതി വെട്ടിൽ വീണിരിക്കുകയാണ്.