കൊച്ചി : ട്യൂഷന് ക്ലാസിലെ പത്താംക്ലാസുകാരന് ചേട്ടനില്നിന്ന് ഒരു കൗതുകത്തിന് വാങ്ങി നാവിലൊട്ടിച്ച സ്റ്റിക്കറാണ് കൊച്ചിയിലെ നാലാം ക്ലാസുകാരന്റെറെ ജീവിതത്തിലെ കറുത്ത ഏടായത്. നാവില്‍ സ്റ്റിക്കറൊട്ടിച്ചാല്‍ പഠിച്ചതൊന്നും മറക്കില്ലെന്നാണ് സീനിയര്‍ ചേട്ടന് അവനോട് പറഞ്ഞത്. രാസലഹരിയായ എല്‍.എസ്.ഡിയാണ് അതെന്നറിയാതെ അവനും സ്റ്റിക്കര്‍ നാവിലൊട്ടിച്ചു. വീട്ടിലെത്തിയ കുട്ടി ക്ഷീണിതനായിരുന്നു.
ഭക്ഷണം പോലും കഴിക്കാതെ കിടന്നു. രാത്രിയോടെ നിറുത്താതെ ഛര്‍ദ്ദിയായി. രക്തം ഛര്ദ്ദിച്ചപ്പോള് അവന് മാതാപിതാക്കളോട് സത്യം പറഞ്ഞു. ഏറെ പണിപ്പെട്ട് കൗണ്‍സലിംഗും ചികിത്സയും നല്‍കിയാണ് അവനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചത്. പത്താംക്ലാസുകാരന് നൂറു ദിവസത്തെ ലഹരിവിമുക്ത ചികിത്സ നല്‍കിയിട്ടും സാധാരണ നിലയിലെത്തിക്കാനായില്ല.
തലസ്ഥാനത്ത് വമ്പന്മാരുടെ മക്കളാണ് കാരിയര്മാരാവുന്നതും ലഹരി ഉപയോഗത്തിന് പിടിക്കപ്പെടുന്നതും. എ.ഡി.ജി.പിയുടെ കുടുംബബന്ധുവിന്റെ മകന് മുതല്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ മക്കള്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. സ്കൂളുകളില്‍ നിന്ന് ലഹരിക്ക് അടിമകളായ 105 കുട്ടികളെ സിറ്റി പോലീസ് ലഹരിവിമുക്ത കേന്ദ്രങ്ങളിലെത്തിച്ചപ്പോഴാണ് ഉന്നതരുടെ മക്കളാണെന്ന് മനസിലായത്.
ലഹരിവിമുക്ത ചികിത്സയിലൂടെ പോലീസ് ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്ന ആ കുട്ടികളെല്ലാം ഇപ്പോള്‍ മിടുക്കന്മാരും മിടുക്കികളുമായി പഠിക്കുന്നു. 15- 20 പ്രായക്കാരാണ് ലഹരിമുക്ത ചികിത്സക്കെത്തുന്നവരിലേറെയും. ചികിത്സയ്ക്കെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുകയാണ്. ആണ്-പെണ് ഭേദമില്ലാതെ കുട്ടികള്‍ സിന്തറ്റിക് ലഹരിക്ക് അടിമകളാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.































