മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയ ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന് ഷോവിക് ചക്രവര്‍ത്തിക്ക് ജാമ്യം. ബോംബെയിലെ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഷോവിക്കിന് ജാമ്യം ലഭിച്ചത്. സെപ്റ്റംബര്‍ നാലിനാണ് ഷോവിക്കിനെയും അന്തരിച്ച നടന് സുശാന്ത് സിംഗിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെയും എന്‍സിബി അറസ്റ്റ് ചെയ്തത്.
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് വ്യാപക അന്വേഷണം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് ഷോവിക്കിനെയും മിറാന്‍ഡയെയും കൂടാതെ റിയാ ചക്രവര്‍ത്തിയെയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. സാമുവല്‍ മിറാന്‍ഡ മുഖേന ഷോവിക് സുശാന്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയെന്നായിരുന്നു കേസ്. സുശാന്തിന് മാത്രമല്ല ബോളിവുഡിലെ പല പ്രമുഖ താരങ്ങള്‍ക്കും മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നുവെന്നും ഷോവിക് എന്‍സിബിക്ക് മൊഴി നല്‍കിയിരുന്നു. റിയ പറഞ്ഞതനുസരിച്ച് താന്‍ മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്നും ഷോവിക് സമ്മതിച്ചിരുന്നു. കേസില്‍ റിയ ചക്രവര്‍ത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഒരുമാസത്തിന് ശേഷം ബോംബെ ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.