പൊന്‍കുന്നം: 3.75 ലക്ഷം രൂപ വില മതിക്കുന്ന എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍.പിടിയിലായവരില്‍ ഏവിയേഷന്‍ വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു.ഏവിയേഷന്‍ വിദ്യാര്‍ത്ഥിയായ അബിന്‍ വി തോമസ്, അലന്‍ ജെ ജോസഫ് എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
എക്‌സൈസ് സംഘം രാത്രി പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. എരുമേലി മണിപ്പുഴയ്‌ക്ക് സമീപം സംശയാസ്പദമായ രീതിയില്‍ അലനെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അബിനെ പിടികൂടിയത്.
എംഡിഎംഎ ആദ്യം സ്വയം ഉപയോഗിക്കാനാണ് അബിന്‍ വാങ്ങിച്ചത്. എന്നാല്‍ ഇത് വാങ്ങുന്നതിന് പണ ചെലവ് ഏറിയതോടെയാണ് വില്‍പ്പന തുടങ്ങിയതെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കേരളത്തിലെത്തിക്കുന്നതെന്നും പ്രതി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചു. കണ്ടെടുത്ത എംഡിഎംഎയുടെ ഉറവിടം തിരിച്ചറിയുന്നതിനായി സാമ്പിളുകള്‍ തിരുവനന്തപുരത്തെ കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയിലേക്ക് അയക്കുമെന്നും എക്‌സൈസ് അറിയിച്ചു.