മലപ്പുറം : അന്താരാഷ്ട്ര വിപണിയിൽ മൂന്നുകോടിയിലധികം വിലവരുന്ന 311 ഗ്രാം എം.ഡി.എം.എ. (മെഥിലിൻ ഡയോക്സി മെത്താംഫിറ്റമിൻ) മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ. മലപ്പുറം മൊറയൂർ കക്കാട്ടുചാലിൽ മുഹമ്മദ് ഹാരിസാണ് (29) പിടിയിലായത്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് എം.ഡി.എം.എ. പോലുള്ള മാരക മയക്കുമരുന്നുകൾ കേരളത്തിലേക്കു കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
മൊറയൂർ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് മുഹമ്മദ് ഹാരിസ്. ബെംഗളൂരുവിൽനിന്ന് കുറഞ്ഞ വിലയ്ക്കു വാങ്ങി കേരളത്തിലെത്തിച്ചാണ് വിൽപ്പനയെന്ന് ഇയാൾ മൊഴിനൽകി. ഗ്രാമിന് 5,000 മുതൽ 10,000 രൂപ വരെ വിലയിട്ടാണ് വിൽപ്പന. ആവശ്യക്കാർ മോഹവില കൊടുത്ത് വാങ്ങുമെന്നതും ഈ കച്ചവടത്തിന്റെ പ്രത്യേകതയാണ്.
ഒരാഴ്ചയോളം ജില്ലയിലെ ചെറുകിട മയക്കുമരുന്ന് വിൽപ്പനക്കാരെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് മൊറയൂർ ഭാഗത്തുനിന്ന് മലപ്പുറം ഭാഗത്തേക്ക് മുഹമ്മദ് ഹാരിസ് കാറിൽ വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ജില്ലയിലെ മറ്റു വിൽപ്പനക്കാരെക്കുറിച്ചും സ്ഥിരമായി മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്നവരെക്കുറിച്ചുമുള്ള വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.
ഡിവൈ.എസ്.പി. പി.എം. പ്രദീപ്, സി.ഐ. ജോബി തോമസ്, എസ്.ഐ. അമീറലി, ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, പ്രശാന്ത് പയ്യനാട്, എൻ.ടി. കൃഷ്ണകുമാർ, കെ. ദിനേഷ്, കെ. പ്രഭുൽ, സഹേഷ്, എ.എസ്.ഐ. സിയാദ് കോട്ട, എസ്.സി.പി.ഒ.മാരായ സതീഷ് കുമാർ, രജീഷ്, ഹമീദലി, ജസീർ എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.