ബെംഗളൂരു: കന്നഡ ചലച്ചിത്ര വ്യവസായവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന ബെംഗളൂരു കോടതിയില്‍ തിങ്കളാഴ്ച സ്‌ഫോടകവസ്തുവും ഭീഷണിക്കത്തും അടങ്ങിയ പാഴ്‌സല്‍ ലഭിച്ചു. കൊറിയര്‍ വഴിയാണ് പാഴ്‌സല്‍ എത്തിയത്. വിചാരണക്കോടതിയിലെ മജിസ്‌ട്രേറ്റിനെതിരെയുള്ള ഭീഷണിയാണ് കത്തിലുള്ളത്.
ലഹരിമരുന്നുകേസില്‍ കസ്റ്റഡിയിലുള്ള രാഗിണി ത്രിവേദി, സഞ്ജന ഗല്‍റാണി എന്നീ നടിമാരേയും ബെംഗളൂരു കലാപക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളേയും വിട്ടയയ്ക്കണമെന്നും മറിച്ചാണെങ്കില്‍ കോടതി തകര്‍ക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം. ബെംഗളൂരു പോലീസ് മേധാവിയ്ക്കും കത്തിന്റെ കോപ്പി ലഭിച്ചു.പകല്‍ സമയത്ത് ലഭിച്ച പാഴ്സല്‍ കോടതിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പിന്നീട് കോടതിയിലെ ഒരു ജീവനക്കാരന്‍ പൊതി തുറന്നപ്പോഴാണ് സ്ഫോടകവസ്തുവും കത്തും കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ലഹരിമരുന്നു കേസിന്റെ വിപുലമായ അന്വേഷണത്തിനിടെയാണ് സെപ്റ്റംബറില്‍ സഞ്ജന ഗല്‍റാണി അറസ്റ്റിലായത്.
സഞ്ജനയുടെ സുഹൃത്ത് രാഹുലിന്റെ അറസ്റ്റിനെ തുടര്‍ന്ന് സഞ്ജന ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു. സെപ്റ്റംബര്‍ 5-നാണ് രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തത്. സിനിമാതാരങ്ങള്‍ക്കും ഗായകര്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്യുന്ന മൂന്ന് പേരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.