അടൂർ : ജില്ലയിൽ വിദ്യാർഥികളെ വശീകരിച്ച് കഞ്ചാവ് കൊടുത്ത് ലഹരിക്കടിമയാക്കുന്ന യുവാക്കളുടെ സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. പ്ലസ് വൺ വിദ്യാർഥിക്ക് കഞ്ചാവ് കൊടുത്ത ശേഷം കള്ളുകുടിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ഏഴംകുളം സുബിൻ ഭവനിൽ വിപിനിനെ(27) അറസ്റ്റു ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ വിപിനെ റിമാൻഡു ചെയ്തു.
ലഹരി ഉപയോഗിക്കുകയും അതിലേക്ക് കൂടുതൽ വിദ്യാർഥികളെ കൊണ്ടെത്തിക്കുകയും ചെയ്യുന്ന ജില്ലയിലെ കണ്ണിയിൽപ്പെട്ടയാളാണ് വിപിനെന്നാണ് പോലീസിനു ലഭിച്ച വിവരം. ഈ സംഘത്തിലെ മറ്റു കണ്ണികളെ കണ്ടുപിടിക്കാനായി പോലീസിനൊപ്പം നാർകോട്ടിക് വിഭാഗവും രംഗത്തിറങ്ങി കഴിഞ്ഞു.
ഇയാൾ പറക്കോട്, ഏഴംകുളം പട്ടാഴിമുക്ക് ഭാഗങ്ങളിലുളള വിദ്യാർഥികൾക്കാണ് ഇതു നൽകുന്നത്. വിപിൻ ഉൾപ്പെടെയുള്ള സംഘം സ്കൂൾ, കോളജ് പരിസരങ്ങളിൽ എത്തി വിദ്യാർഥികളെ വശീകരിച്ച് കഞ്ചാവ് ഉപയോഗിക്കാൻ പഠിപ്പിച്ച ശേഷമാണ് ഇവർക്ക് കഞ്ചാവ് കൈമാറുന്നതെന്ന വിവരവും പോലീസിനു ലഭിച്ചിട്ടുണ്ട്.
സ്കൂൾ, കോളജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനാണ് പോലീസിന്റെ തീരുമാനം. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ജോസ്, നാർകോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർകോട്ടിക് ആക്ഷൻ ഫോഴ്സ് രൂപീകരിച്ചു.