കൊച്ചി : മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്‌ന സുരേഷിനെ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ദുബായ് യാത്രാസംഘത്തില്‍ ചേര്‍ത്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ഇക്കാര്യം സ്വപ്ന സമ്മതിച്ചിട്ടുണ്ട്. കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം ഇക്കാര്യത്തില്‍ വിദേശത്ത് നിന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും.
മുഖ്യമന്ത്രിയും കുടുംബവുമായി അടുത്ത പരിചയമുണ്ടെന്ന് സ്വപ്‌ന നല്‍കിയ മൊഴി എന്‍ഐഎ കോടതിയില്‍ എതിര്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചിരുന്നു. ഉന്നതരും മുഖ്യമന്ത്രിയുടെ ഓഫീസും മറ്റും സംബന്ധിച്ചുള്ള കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് സ്വപ്‌നയുടെ വിശദീകരണം. ദുബായിലേക്കുള്ള മുഖ്യന്ത്രിയുടെ ഔദ്യോഗിക സംഘത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ ഉണ്ടായിരുന്ന മൂന്നു പേരില്‍ പ്രധാനിയായിരുന്നു സ്വപ്‌ന. മുഖ്യമന്ത്രിയുടെ ഭാര്യയും മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസുമായിരുന്നു മറ്റു രണ്ടുപേര്‍.
സ്വപ്‌നയെ ദുബായ് സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പറഞ്ഞ കാരണം ഒപ്പമുള്ള ഭാര്യക്ക് വിദേശ യാത്രയില്‍ പാലിക്കേണ്ട നയതന്ത്ര കാര്യങ്ങളില്‍ സ്വപ്നയുടെ സാന്നിധ്യം സഹായകമാകുമെന്നാണ്. യാത്രാ സംഘത്തെ നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറായിരുന്നു. ശിവശങ്കറുമായി ദൃഢബന്ധമായിരുന്നുവെന്ന് സ്വപ്‌ന മൊഴിനല്‍കിയിട്ടുണ്ട്.
നയതന്ത്ര കേന്ദ്രങ്ങളുമായി സ്വപ്നക്കുള്ള അടുപ്പമുള്‍പ്പെടെ എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ദുബായ് യാത്രാ സംഘത്തില്‍ ചേര്‍ത്തത്. വിദേശത്തുനിന്ന് റെഡ് ക്രസന്റ് വഴിയുള്ള സഹായം ചട്ടം ലംഘിച്ചാണ് സര്‍ക്കാര്‍ സ്വീകരിച്ചതും അതിന് ‘സര്‍വാധികാരിയായി’ സ്വപ്‌ന സുരേഷിനെ പദ്ധതി ചുമതലക്കാരനായ മുഖ്യമന്ത്രി അനൗദ്യോഗികമായി നിയോഗിച്ചതും.