കൊച്ചി : ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി പാരസെറ്റാമോള്‍ നല്‍കില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍. പാരസെറ്റാമോളിനു നിയന്ത്രണമേര്‍പ്പെടുത്താന്‍ പ്രധാന കാരണം രാജ്യത്തെ കോവിഡ് സാഹചര്യമാണ്. മഴക്കാലം തുടങ്ങിയതോടെ പനിയും ജലദോഷവും പിടിപെടുന്നവരുടെ എണ്ണം കൂടുന്നു. അതേസമയം മെഡിക്കല്‍ സ്റ്റോറിലെ കൗണ്ടര്‍ വില്‍പനയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡോക്ടറെ കാണാതെ ഇപ്പോള്‍ മരുന്നു കിട്ടില്ലെന്നതാണ് സ്ഥിതിയി.
കോവിഡിന്റെ പ്രധാന ലക്ഷണം പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ്. ഇതാണ് പാരാസെറ്റാമോള്‍ നിയന്ത്രണത്തിന്റെ അടിസ്ഥാനം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും തുടര്‍ന്ന് ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതു രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി പാരസെറ്റാമോള്‍ നല്‍കില്ലെന്ന തീരുമാനിത്തിലെത്തിയത്.
പനി ഉള്‍പ്പെടെ ചെറിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ നല്‍കരുതെന്ന പൊതുനിര്‍ദേശം ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നല്‍കിയിട്ട് നാലു മാസമായി. ഇതു സംബന്ധിച്ചു മരുന്നു വിതരണക്കാര്‍ക്കും വ്യാപാരികള്‍ക്കും ഈ രംഗത്തെ സംഘടനകള്‍ക്കും വാക്കാലുള്ള നിര്‍ദേശം മാത്രമാണ് ആദ്യം ലഭിച്ചത്. അതിനാല്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിയന്ത്രണം പൂര്‍ണ തോതില്‍ പാലിച്ചിരുന്നില്ല. എന്നാല്‍ കോവിഡ് വ്യാപനം ഉയരാന്‍ തുടങ്ങിയതോടെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം കര്‍ശന നിരീക്ഷണം ആരംഭിക്കുകയും നിയന്ത്രണം കടുപ്പിക്കുകയുമായിരുന്നു.