തിരുവനന്തപുരം: ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തില്‍ അദ്ദേഹത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിരാമന്‍ അത്തരത്തില്‍ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രിസൈഡിംഗ് ഓഫിസറെ എം എല്‍ എ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് നല്‍കിയ സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കളളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വെച്ചാണെന്നാണ് എം എല്‍ എയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാസര്‍കോട് ജില്ല കളക്‌ടറോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. കളക്‌ടര്‍ പ്രിസൈഡിംഗ് ഓഫിസറുടെ ഭാഗം കേള്‍ക്കാനായി അദ്ദേഹത്തിന് അറിയിപ്പ് നല്‍കി. ഈ സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലാ കളക്‌ടറുടെ റിപ്പോര്‍ട്ട് തേടുകയും പരിഗണിച്ചുവരികയുമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം എല്‍ എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പോലീസ് സ്റ്റേഷനില്‍ ലഭിച്ചിട്ടില്ല. എന്നാല്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോടും കണ്ണൂരും വ്യാപക കളളവോട്ടെന്ന് കെ സി ജോസഫ് ആരോപിച്ചു. പ്രിസൈഡിംഗ് ഓഫിസറെ എം എല്‍ എ ഭീഷണിപ്പെടുത്തിയതില്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയെങ്കിലും അനുവദിക്കാനാവില്ലെന്ന് സ്‌പീക്കര്‍ പറഞ്ഞതോടെ പ്രതിഷേധവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
പ്രിസൈഡിംഗ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ കുഞ്ഞിരാമന്‍ എം എല്‍ എ പറഞ്ഞു. ബൂത്തിലെത്തിയത് വോട്ട് ചെയ്യാനാണ്. തര്‍ക്കം തീര്‍ക്കാനായിരുന്നു ശ്രമമെന്നും എം എല്‍ എ നിയമസഭയില്‍ വിശദീകരിച്ചു.