ഇടിമിന്നല്‍ ഉള്ളപ്പോള്‍ എന്തെല്ലാം ചെയ്യാം ചെയ്യരുത് എന്ന കാര്യത്തില്‍ പലര്‍ക്കും ആശങ്കകളുണ്ടാകും. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ. ഇടിമിന്നലുള്ളപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. പക്ഷേ ചാര്‍ജ് ചെയ്തുകൊണ്ട് മൊബൈല്‍ ഉപയോഗിക്കരുത്. ലാന്‍ഡ് ഫോണും മറ്റ് വൈദ്യുതോപകരണങ്ങളും ഉപയോഗിക്കരുത്. ഒരു സ്ഥലത്ത് ഒരിക്കല്‍ മാത്രമേ ഇടിമിന്നല്‍ വീഴൂ എന്ന ധാരണ തെറ്റാണ്.
ഇടിമിന്നല്‍ ഒരേ ഇടത്തുതന്നെ ആവര്‍ത്തിച്ച് നിരവധി തവണ സംഭവിക്കാറുണ്ട്. മിന്നലേറ്റ ആളുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാവും എന്ന ചിന്തയും തെറ്റാണ്. മനുഷ്യ ശരീരത്തിന് വൈദ്യുതി സൂക്ഷിച്ചുവെയ്ക്കാനുള്ള കഴിവില്ല. അതിനാല്‍ മിന്നലേറ്റവരില്‍ വൈദ്യുതി ഉണ്ടാവില്ല. ഇടിമിന്നല്‍ സമയത്ത് വീടിനു പുറത്താണെങ്കില്‍ മരച്ചുവട്ടില്‍ അഭയം തേടണമെന്ന് പലയിടത്തു നിന്നും കേട്ടിട്ടുണ്ടാവും. ഇതും ശരിയല്ല.
ഇടിമിന്നല്‍ സമയത്ത് ഒരു കാരണവശാലും മരച്ചുവട്ടില്‍ നില്‍ക്കരുത്. മരച്ചുവട്ടില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. ഇടിമിന്നലുള്ളപ്പോള്‍ ജനലും വാതിലും അടച്ചിടണം. ഭിത്തിയിലും തറയിലും സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കണം. ജലാശയങ്ങളില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങരുത്. വളര്‍ത്തുമൃഗങ്ങളെ തുറസ്സായ സ്ഥലത്ത് കെട്ടരുത്. തുണിയെടുക്കാനും മറ്റും ടെറസിലേക്ക് പോവരുത്.