കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഉയരുന്ന പൊടി ശല്യം ജനങ്ങളെ വലക്കുന്നു. കോന്നി മാമുക്ക് മുതൽ എലിയറക്കൽ വരെയുള്ള ഭാഗമാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊടിപടലങ്ങൾ ഉയരുന്നത്. റോഡ് നിർമ്മാണ കമ്പനി ഇടക്കിടെ വെള്ളം തളിച്ച് കൊടുക്കുന്നുണ്ടെങ്കിലും ഇതൊന്നും റോഡിലെ പൊടി കുറക്കുവാൻ പര്യാപ്തമാകുന്നില്ല. റോഡിലെ പൊടി ശല്യം മൂലം വ്യാപാരികളും ബുദ്ധിമുട്ടിലാണ്. രാവിലെ മുതൽ വൈകുന്നേരം വരെ റോഡിൽ നിന്ന് ഉയരുന്ന പൊടി സഹിച്ച് വേണം വ്യാപാര സ്ഥാപനങ്ങളുടെ ഉള്ളിൽ ഇരിക്കുവാൻ എന്ന് വ്യാപാരികൾ പറയുന്നു.
മാത്രമല്ല കടകളിലെ സാധനങ്ങളിൽ പൊടി പറന്നു കയറി പലതും ഉപയോഗ ശൂന്യമായി മാറുന്നതും പതിവാണ്. മാത്രമല്ല പൊതു ജനങ്ങൾക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിലെ പൊടി ശല്യം സഹിച്ച് രാവിലെ മുതൽ റോഡിൽ ടാക്സി ഓടാൻ കാത്ത് നിൽക്കുന്നത് ശ്വാസം മുട്ടൽ അടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഓട്ടോറിക്ഷ തൊഴിലാളികളും പറയുന്നു. ഹോട്ടൽ അടക്കമുള്ള പല സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് കച്ചവടം നടത്തുന്നത്. വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.