തിരുവനന്തപുരം : എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി ഡിവൈഎഫ്ഐ. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇതിന് മറുപടി നല്‍കണമെന്നും ഡിവൈഎഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി.വസീഫ് ആവശ്യപ്പെട്ടു. എൽദോസ് കുന്നപ്പിളിക്കെതിരെയുള്ള പരാതിയിൽ മൊഴി നൽകാൻ കോവളം പോലീസ് സ്റ്റേഷനില്‍ യുവതി എത്തി.
പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കഴിഞ്ഞ ദിവസം വഞ്ചിയൂർ പോലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു. കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പോലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു.
പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പോലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നിരുന്നു. രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് മാറി നിൽക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകിയതെന്നാണ് സൂചന. കേസെടുക്കാന്‍ പോലീസ് വൈകിയതിൽ പോലീസിനെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് ശേഷം സംഭവത്തിൽ മൊഴി നൽകാൻ യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പോലീസ് പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ മുന്നോട്ടുപോവുകയായിരുന്നു.