കോഴിക്കോട് : വടകരയില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ബലാത്സംഗം ചെയ്‌തെന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതാക്കളെ ഇന്ന് അറസ്റ്റ് ചെയ്യാന്‍ സാധ്യത. സ്ത്രീയുടെ പരാതി വിശദമായി പരിശോധിച്ച പോലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആര്‍ ഇട്ടത്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ലിജീഷിനുമെതിരെയാണ് പരാതി. ഇരുവര്‍ക്കുമെതിരെ വടകര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബലാത്സംഗം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
മൂന്ന് മാസം മുമ്പാണ് സംഭവങ്ങളുടെ തുടക്കമെന്ന് രണ്ട് മക്കളുടെ അമ്മയായ സ്ത്രീയുടെ പരാതിയില്‍ പറയുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. സംഭവം ഭര്‍ത്താവിനേയും നാട്ടുകാരേയും അറിയിക്കുമെന്ന് പറഞ്ഞ് തുടര്‍ന്നും ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചു.
പിന്നീട് ഡിവൈഎഫ്‌ഐ നേതാവ് ലിജീഷ് വീട്ടമ്മയുടെ വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങള്‍ തനിക്കറിയാമെന്നും ഇതെല്ലാം പുറത്തറിയിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തു. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് മാനസികമായും ശാരീരികമായും തകര്‍ന്ന ഇവര്‍ ഡോക്ടറെ കണ്ട് ചികിത്സ തേടി. ഇതിന് ശേഷമാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. അതേസമയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ബാബുരാജിനേയും ലിജീഷിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി ഗോപാലന്‍ മാസ്റ്റര്‍ അറിയിച്ചു.