വള്ളികുന്നം : ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വള്ളികുന്നം ചിറയിലെ വെള്ളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐ വള്ളികുന്നം കിഴക്ക് മേഖല പേച്ചിറ വടക്ക് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂണിറ്റ് സെക്രട്ടറി അര്ജുന് പേച്ചിറ നേതൃത്വം നല്കി.
അരൂര്‍: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന ജനവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ അരൂക്കുറ്റി ലോക്കല്‍ കമ്മിറ്റി പന്തംകൊളുത്തി നില്‍പ്പ് സമരം നടത്തി. കെ.കെ. പ്രഭാകരന് ഉദ്ഘാടനം ചെയ്തു. പി.എം. അജയകുമാര്‍, സുബൈര്‍ കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
തുറവൂര്‍: ലക്ഷദ്വീപ് ജനതയുടെ സ്വൈരജീവിതം തകര്‍ക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ് അരൂര്‍ ചേര്‍ത്തല മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പൊന്നാംവെളിയില്‍ പ്രതിഷേധ ധര്‍ണ നടത്തി. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി വി.കെ. ഗൗരീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി വയലാര്‍ സന്തോഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.ബി. രാധാകൃഷ്ണന്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. സിറോഷ്, എ. മഹേശ്വരന് തുടങ്ങിയവര്‍ പങ്കെടുത്തു.
കായംകുളം: കോണ്‍ഗ്രസ് -എസ് സംഘടിപ്പിച്ച ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ. ഷിഹാബുദ്ദീന് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നയം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടികള്‍ക്ക് ബ്ലോക്ക് പ്രസിഡന്റ് ഐ. ഷാജഹാന്, ഉമൈസ് താഹ, സക്കീര്‍, ഷാജി, കൃഷ്ണപുരം വാഹിദ് എന്നിവര്‍ നേതൃത്വം നല്കി.