തിരുവനന്തപുരം : സിപിഐയിൽനിന്ന് ഇ.ചന്ദ്രശേഖൻ വീണ്ടും മന്ത്രിയായേക്കും. ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായ കെ.രാജൻ, ചേർത്തല എംഎൽഎ പി.പ്രസാദ്, ചടയമംഗലം എംഎൽഎ ചിഞ്ചുറാണി എന്നിവരും മന്ത്രിമാരായേക്കും. ചീഫ് വിപ്പ് പദവി സിപിഐയ്ക്കു നഷ്ടമാകാനിടയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവിയിലേക്ക് അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറിനെയോ വൈക്കം എംഎൽഎ സി.കെ. ആശയേയോ പരിഗണിച്ചേക്കും. ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചിട്ടില്ല.
4 മന്ത്രിമാരെ ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. വടക്കന്‍ കേരളത്തിന്റെ പ്രതിനിധിയെന്ന പരിഗണനയിലാണ് ഇ.ചന്ദ്രശേഖരനു വീണ്ടും അവസരം ലഭിക്കുന്നത്. സിപിഐ ദേശീയ കൗൺസിൽ അംഗവുമാണ്. കെ.രാജൻ എഐവൈഎഫ് ദേശീയ ജനറൽ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമാണ്. പാർട്ടി ശക്തി കേന്ദ്രമായ തൃശൂരിൽനിന്ന് രാജനെ പരിഗണിക്കണമെന്നാണ് ഭൂരിപക്ഷ അഭിപ്രായം.
സിപിഐ ദേശീയ കൗൺസിൽ അംഗമാണ് ചിഞ്ചുറാണി. സിപിഐക്കു സ്വാധീനമുള്ള കൊല്ലത്തുനിന്ന് മന്ത്രിമാർ പതിവാണ്. പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ചിഞ്ചുറാണിക്ക് അനുകൂലവുമാണ്. ഔദ്യോഗിക പക്ഷത്തിന് പുനലൂർ എംഎൽഎ സുപാലിനോട് താൽപര്യമില്ല. കഴിഞ്ഞ തവണ 27 സീറ്റിൽ മത്സരിച്ച സിപിഐ 19 സീറ്റിലാണ് വിജയിച്ചത്. ഇത്തവണ 25 സീറ്റിൽ മത്സരിച്ച് 17 സീറ്റിൽ വിജയിച്ചു.