പാലക്കാട് : റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളം ഗുരുതരമായ ആരോഗ്യഭീഷണിയാകുന്നുവെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ട്. പാലക്കാട്, കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ച സാംപിളുകളാണ് പരിശോധിച്ചത്. വാട്ടർ കൂളറുകളിലെ വെള്ളത്തിൽപ്പോലും ഇ.കോളി ബാക്ടീരിയ കണ്ടെത്തി. ഭക്ഷ്യവിഷബാധ, വയറിളക്കം, വൃക്കത്തകരാർ എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുമുണ്ട്. യാത്രക്കാർക്ക് ശൗചാലയവും ഇരിപ്പിടവും കുടിവെള്ളവും മറ്റ് അടിസ്ഥാന ആവശ്യങ്ങളുമെല്ലാം ക്രമീകരിക്കേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്.
കൊരുപ്പുകട്ട പാകിയും അതിവേഗ ട്രെയിനുകൾ പ്രഖ്യാപിച്ചും മുഖം മിനുക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ റെയിവേ, കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ജല സാംപിൾ പരിശോധനയ്ക്കയക്കുക, ക്ലോറിനേഷൻ അളവ് രേഖപ്പെടുത്തുക തുടങ്ങിയവ റെയിൽവേ ഉത്തരവാദിത്തമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.






























