തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തി കൊവിഡ് നിരീക്ഷണത്തിലുള്ളവര്‍ക്ക് ഇ ജാഗ്രത ആപ്പ് ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊവിഡ് രോഗലക്ഷണം ഉണ്ടെങ്കില്‍ വീഡിയോ കോള്‍ വഴി ഡോക്ടര്‍മാര്‍ രോഗികളോട് ബന്ധപ്പെടും. ചെറിയ ലക്ഷണം ഉള്ളവര്‍ക്ക് ആപ്പ് വഴി ടെലി മെഡിസിനിലൂടെ മരുന്ന് കുറിച്ച് നല്‍കും. തുടര്‍ന്ന് മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടില്‍ എത്തിച്ച് നല്‍കും. രോഗിയുടെ നില കൂടുതല്‍ ഗുരുതരമാണെങ്കില്‍ മെഡിക്കല്‍ ടീം ഉടന്‍ ആംബുലന്‍സ് അയച്ച് സുരക്ഷ മാനദണ്ഡത്തോടെ രോഗിയെ കൊവിഡ് ആശുപത്രിയിലെത്തിക്കും.
ആശുപത്രിയില്‍ എത്തിച്ച് സ്രവം എടുത്ത് പിസിആര്‍ പരിശോധനക്ക് അയക്കും. ഇത്തരത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം ഒരുക്കിയിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വിമാനത്തില്‍ തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്തവരെല്ലാം നിരീക്ഷണത്തിലാണ്. അവരെ ട്രേസ് ചെയ്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.