തിരുവനന്തപുരം : ഇ-മൊബിലിറ്റി പദ്ധതി അടിമുടി ദുരൂഹത നിറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതിക്ക് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും അനുമതി നല്‍കിയത്. ധനമന്ത്രി തോമസ് ഐസക്ക് എത്ര മൂടിവച്ചാലും സത്യം പുറത്തു വരും. പദ്ധതിയുടെ മുഴുവൻ വിവരങ്ങളും ജനത്തെ അറിയിക്കണം. കേരളത്തിലെ മന്ത്രിസഭ ഒന്നും അറിയേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. ഒരു പ്രധാന പദ്ധതിയുടെ തീരുമാനവും മന്ത്രിമാർ അറിയുന്നില്ല. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഇന്ന് മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു. അതിന് ശേഷം കൂടുതൽ പറയാമെന്നും ചെന്നിത്തല.
ഇ-മൊബിലിറ്റി പദ്ധതിയിൽ കൺസൽട്ടൻസി കരാർ നൽകിയതിൽ വൻ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സെബി നിരോധിച്ച കമ്പനിക്ക് കരാർ നൽകാൻ മുഖ്യമന്ത്രി പ്രത്യേക താല്പര്യമെടുത്തുവെന്ന് വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. ഇ-മൊബിലിറ്റി പദ്ധതി വഴി 4500 കോടി മുടക്കി 3000 ബസ്സുകൾ വാങ്ങാനുള്ള പദ്ധതിയിലെ കൺസൽട്ടൻസി കരാർ ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന് നൽകിയതിലാണ് അഴിമതി ആരോപണം. മന്ത്രിസഭ ചർച്ച ചെയ്യാതെ ടെണ്ടർ വിളിക്കാതെ മുഖ്യമന്ത്രി മുൻകയ്യെടുത്താണ് കരാർ എന്നാണ് ആക്ഷേപം.