കണ്ണൂർ: പാർട്ടി തെറ്റു തിരുത്തി മുന്നോട്ട് വരുന്നതിലുള്ള ജനങ്ങളുടെ പ്രതികരണമാണ് തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ. നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് പാർട്ടി നേതൃത്വം തുറന്നു പറഞ്ഞ കാര്യങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമായെന്ന് വേണം മനസിലാക്കാനെന്ന് ഇ.പി പറഞ്ഞു. സിപിഎം മാത്രേമേ സത്യ സന്ധമായി കാര്യങ്ങൾ പറയുന്നുള്ളു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം ഇടത് പക്ഷത്തിനു അനുകൂലമാണ്. പാർട്ടിയുടെ നയത്തെ അനുകൂലിക്കുന്നവർക്ക് പാർട്ടിയിലേക്ക് വരാമെന്നും പാർട്ടി വിട്ടു പോയവരുടെ പിന്നാലെ നടക്കുന്നവരല്ല സിപിഎമ്മെന്നും ജയരാജൻ പറഞ്ഞു. പാർട്ടി വിട്ടു പോയവരുടെ വഴി അവർ തന്നെ തീരുമാനിക്കട്ടെ. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പ്രശ്നങ്ങൾ പ്രാദേശിക പ്രശ്നങ്ങളാണ് അതൊന്നും ദേശീയ പ്രശ്നമല്ലെന്നും ഇപി ജയരാജൻ പറഞ്ഞു. പി ജയരാജൻ നേതൃത്വത്തിൽ ശക്തമാകണമെന്ന പ്രചരണം സംബന്ധിച്ചും ജയരാജൻ പ്രതികരിച്ചു. പി ജയരാജൻ മാത്രമല്ല പാർട്ടിയിലെ നേതാക്കളെല്ലാം കരുത്തരാണ്. ഒരാൾ മാത്രം കരുത്തൻ എന്നൊക്ക പറയുന്നത് സദുദ്ദേശപരമല്ല. പി ജയരാജൻ കരുത്തനെന്നു പറയുന്നത് പാർട്ടിക്കകത് വേണ്ടാത്ത ചർച്ച ഉണ്ടാക്കാനുള്ള സമീപനമാണ്. പാർട്ടിയിൽ ബാക്കി ഉള്ളവർ ഒന്നും കരുത്തരല്ലാത്തവർ ആണോ ? ഈ പാർട്ടിയിൽ പ്രാപ്തിയില്ലാത്തവർ ആരാണെന്നും ഇപി ചോദിക്കുന്നു.
ബിജെപിയുടെ കരിങ്കൊടി പ്രതിഷേധത്തിനെതിരെയും ഇപി ജയരാജൻ പ്രതികരിച്ചു. കേരളത്തിലെ ബിജെപിക്കാർ കരിങ്കൊടി പ്രതിഷേധം നടത്തേണ്ടത് അമിത് ഷാക്കെതിരെയാണ്. അമിത് ഷായുടെ നേതൃത്വത്തിൽ ജനാധിപത്യം ഇല്ലാതാക്കാനുള്ള ശ്രത്തിനെതിരെയാണ് സമരം നടത്തേണ്ടത്. വിദ്യാർത്ഥികളെ കേന്ദ്രം ജയിലിൽ അടക്കുകയാണ്. ഇത്തരം നടപടികൾക്കെതിരെയാണ് കേരള ബിജെപി സമരം ചെയ്യേണ്ടതെന്ന് ജയരാജൻ പറഞ്ഞു.



























