തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറയിൽ ഇ.ശ്രീധരന് വേണ്ടി സമ്മർദവുമായി ബിജെപി എറണാകുളം ജില്ലാ നേതൃത്വം. ജില്ലാതല സ്ഥാനാർത്ഥി നിർണയ യോഗത്തിലാണ് ആവശ്യം. പാലക്കാട്, തൃശൂർ ജില്ലാ കമ്മിറ്റികൾക്ക് പിന്നാലെയാണ് ബിജെപി എറണാകുളം ജില്ലാ ഘടകവും ഇ.ശ്രീധരന് വേണ്ടി രംഗത്തുവന്നത്. ഇ.ശ്രീധരൻ തൃപ്പൂണിത്തുറയിൽ മത്സരിക്കുന്നത് ജയസാധ്യത വർദ്ധിപ്പിക്കും. ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി മികച്ച പ്രകടനം കാഴ്ചവച്ചതും മെട്രോ ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഇ. ശ്രീധരനുള്ള സ്വീകാര്യതയും ഗുണം ചെയ്യും.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ ഒരു മണ്ഡലത്തിൽ 3 സ്ഥാനാർത്ഥികളുടെ പേരുകൾ വീതം സംസ്ഥാന ഘടകത്തിന് നൽകും. ഇതിനിടെ ആർഎസ്എസ് ദേശീയ നേതൃത്വവുമായി ഓർത്തഡോക്‌സ് സഭാ പ്രതിനിധികൾ കൊച്ചിയിൽ ചർച്ച നടത്തി. ആർഎസ്എസ് സഹസർകാര്യവാഹ് മൻമോഹൻ വൈദ്യയുമായാണ് കൂടിക്കാഴ്ച നടത്തിയത്. പള്ളിത്തർക്കത്തിൽ ആർഎസ്എസ്-ബിജെപി പിന്തുണ തേടിയ സഭാ പ്രതിനിധികളുമായുള്ള ചർച്ചയിൽ നിയമസഭാ തെരഞ്ഞെടുപ്പും പരാമർശവിധേയമായി.