മലപ്പുറം : സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പ് വീണ്ടും ശക്തമാക്കി ബിജെപി നേതാവ് ഇ.ശ്രീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള റയില്‍പാതയെ മികച്ച രീതിയില്‍ വികസിപ്പിച്ചാല്‍ തന്നെ സില്‍വര്‍ ലൈന് ബദലായുള്ള വേഗത്തിലുള്ള യാത്ര സാധ്യമാകുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ബദല്‍ പദ്ധയിക്കുറിച്ച് ജനപ്രതിനിധികളുമായ പൊതുജനങ്ങളുമായി വിശദമായി ചര്‍ച്ച ചെയ്യും. അതിനെ് ശേഷം പദ്ധതി കേന്ദ്ര സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കും.
പൊന്നാനിയിലെ ഇ.ശ്രീധരന്റെ വീട്ടിലെത്തിയ കേന്ദ്ര സഹമന്ത്രി വി.മുരളീധരനുമായിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഇ.ശ്രീധരന്‍. ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം മന്ത്രിയായിരുന്നു ഇ.ശ്രീധരന്‍ മുന്നോട്ട് വെച്ച ബദല്‍ പദ്ധതിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചത്. രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കും. നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് സാധ്യമാകുന്നതാണ് പദ്ധതികള്‍. വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടുന്നതാണ് വിശദമായ റിപ്പോര്‍ട്ട്. കുറഞ്ഞ ചെലവില്‍ വേഗത്തില്‍ നടപ്പാക്കാവുന്നതാണ് പദ്ധതികളെന്നും ഇ.ശ്രീധരന്‍ അവകാശപ്പെടുന്നു.
സില്‍വര്‍ ലൈനെതിരായ പ്രതിഷേധങ്ങള്‍ നടന്ന മേഖലയിലൂടെയുള്ള സന്ദര്‍ശനത്തിന് ശേഷമായിരുന്നു വി.മുരളീധരന്‍ ഇ.ശ്രീധരനെ കാണാനത്തിയത്. സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കി നേതാക്കള്‍ക്ക് കമ്മീഷന്‍ അടിക്കുന്ന വികസനമാണ് ഇടതുപക്ഷത്തിന്റേതെന്ന് വി.മുരളീധരന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിപിഎം നേതാക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന വികസനം. ജനങ്ങള്‍ക്ക് വേണ്ടാത്ത വികസനമാണ് പിണറായി കൊണ്ടുവരുന്നത്. വികസനത്തിന്റെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ് പിണറായി സര്‍ക്കാര്‍. സിപിഎമ്മുകാര്‍ ജനങ്ങളെ മനസിലാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇത്തരത്തിലൊരു പദ്ധതിക്ക് വേണ്ടി ശ്രമിക്കില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, വരും തലമുറയ്ക്ക് വേണ്ടിയുള്ള കരുതലാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അതു കേവലമൊരു യാത്രാ സംവിധാനം മാത്രമല്ല. അടിസ്ഥാന സൗകര്യത്തില്‍ പുറകില്‍ നില്‍ക്കുന്ന നമ്മുടെ നാടിന്റെ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഒരു അനിവാര്യതയാണ്. വ്യവസായവും വിനോദസഞ്ചാരവും ഉള്‍പ്പെടെ സകല മേഖലകളുടേയും വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് സാധിക്കും. പദ്ധതിയുടെ പ്രാധാന്യം ഭൂരിപക്ഷം മലയാളികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. വിവാദങ്ങള്‍ക്കും കുപ്രചരണങ്ങള്‍ക്കും വിധേയരാകാതെ നാടിന്റെ നന്മയ്ക്കായി അവര്‍ നിലയുറപ്പിക്കുന്നു. സില്‍വര്‍ ലൈന്‍ വേണമെന്ന് ഒറ്റക്കെട്ടായി പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.