ഹരിപ്പാട്: വീടിന് പുറത്തിറങ്ങിയാല്‍ പറന്നുവന്ന് നിരന്തരം കൊത്തുന്ന അക്രമണകാരിയായ പരുന്തിനെ പിടികൂടി. ചിങ്ങോലി പന്ത്രണ്ടാം വാര്‍ഡില്‍ വൈദ്യശാലയ്ക്ക് പടിഞ്ഞാറ് പേരാത്ത് ഭാഗത്തെ വീടുകളിലെ ആളുകള്‍ക്ക് പുറത്തിറങ്ങാനാവാത്ത വിധം ശല്യക്കാരിയായിരുന്ന പരുന്തിനെ ആണ് നാട്ടുകാര്‍ പിടികൂടിയത്.
വീടിന് പുറത്തിറങ്ങിയാല്‍ പറന്നുവന്ന് ആക്രമിക്കുന്ന രീതിയായിരുന്നു. ഇതുമൂലം ഭയപ്പാടോടെയാണ് കുട്ടികളടക്കമുള്ളവര്‍ കഴിഞ്ഞിരുന്നത്. പരുന്തിന്‍റെ ആക്രമണത്തില്‍ പേരാത്ത് തെക്കതില്‍ സരോജിനി മരുമകള്‍ ജയന്തി, ഹരി ഭവനം അമല, ഗൗരിസില്‍ നീതു കൃഷ്ണ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.
പരുന്തിന്‍റെ ശല്യം കാരണം ഭീതിയോടെ കഴിഞ്ഞിരുന്ന ജനങ്ങള്‍, വിഷയം ഗ്രാമസഭയില്‍ വിവരമറിയിക്കുകയും ഗ്രാമപഞ്ചായത്ത് അംഗം ബി അന്‍സിയ റാന്നി ഫോറസ്റ്റ് ഡിവിഷനില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് വല ഉപയോഗിച്ച് പരിക്കേല്‍ക്കാതെ പിടികൂടുകയായിരുന്നു.
ഗ്രാമപഞ്ചായത്തംഗം ബി ആന്‍സിയുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന പരുന്തിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഒരു വര്‍ഷം മുമ്ബ് മുതുകുളം തെക്ക് വെട്ടത്തുമുക്ക് ഭാഗത്തും സമാന സംഭവം ഉണ്ടായിരുന്നു. ഈ പരുന്തിനെ നാട്ടുകാര്‍ പിടികൂടി തോട്ടപ്പള്ളിയില്‍ എത്തിച്ച് തുറന്ന് വിടുകയായിരുന്നു.