ചർമ്മത്തിൻ്റെ കാര്യത്തിൽ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും പലരും തയാറാകില്ല. ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും വേണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. പക്ഷെ തിരക്കിട്ടുള്ള ജീവിതത്തിനിടയിൽ പലർക്കും ചർമ്മം സംരക്ഷണത്തിനുള്ള നേരം കിട്ടാറില്ല. ചർമ്മം തിളങ്ങാനുള്ള വഴികളൊക്കെ വീട്ടിലെ അടുക്കളയിൽ തന്നെയുണ്ടെന്നതാണ് യാഥാർത്ഥ്യം. അടുക്കളയിലെ പല ചേരുവകളും ചർമ്മത്തിൻ്റെ ഭംഗി കൂട്ടാൻ ഏറെ സഹായിക്കും. ഇത്തരത്തിൽ പാടുകൾ ഒന്നുമില്ലാത്ത തിളക്കമുള്ള ചർമ്മത്തിനായി ചെയ്യാൻ കഴിയുന്ന ഒരു ഫേസ് പായ്ക്ക് ആണിത്. ചർമ്മം സൗന്ദര്യ സംരക്ഷണത്തിൽ അരിപ്പൊടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വീട്ടിലെ അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്ന അരിപ്പൊടി കൊണ്ട് എളുപ്പത്തിൽ ചർമ്മത്തിന് തിളക്കം കൂട്ടാം. അരിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിലെ നിറവ്യത്യാസം മാറ്റാനും അതുപോലെ കരിവാളിപ്പ് മാറ്റാനും ഏറെ സഹായിക്കും. ചർമ്മത്തിലെ അഴുക്ക് പുറന്തള്ളാൻ സഹായിക്കുന്നതാണ് അരിപ്പൊടി.
എല്ലാ വീടുകളിലും വളരെ സുലഭമായി കണ്ടുവരുന്നതാണ് കറ്റാർവാഴ. ചർമ്മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണം നൽകാൻ കറ്റാർവാഴയ്ക്ക് സാധിക്കാറുണ്ട്. ചർമ്മത്തിനുണ്ടാകുന്ന പ്രകോപനങ്ങളൊക്കെ ഇല്ലാതാക്കാൻ ഇത് ഏറെ സഹായിക്കും. ചർമ്മത്തിന് ഈർപ്പം നൽകാനും അതുപോലെ ചർമ്മത്തിലെ കുരുവും പാടുകളും മാറ്റാനും കറ്റാർവാഴ ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള പല ഗുണങ്ങളും ചർമ്മത്തിന് വളരെ മികച്ചതാണ്. ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ എന്ന് എല്ലാവർക്കുമറിയാം. ആൻ്റി ബാക്ടീരിയൽ ആൻ്റി ഓക്സിഡൻ്റുകളാലും സമ്പുഷ്ടമാണ് തേൻ. ഇത് ചർമ്മത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളെയും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യാനും കൂടുതൽ നിറം നൽകാനും തേൻ ഏറെ നല്ലതാണ്. സുഷിരങ്ങൾ വ്യത്തിയാക്കി ചർമ്മത്തിന് ആവശ്യമായ ഈർപ്പം നിലനിർത്താൻ തേൻ ഏറെ സഹായിക്കും. തൈര് കുടിച്ചാൽ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. അതുപോലെ ചർമ്മത്തിനും മുടിയ്ക്കും കൂടുതൽ ഭംഗി നൽകാനും തൈര് ഏറെ സഹായിക്കും.
തൈരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാൻ ഏറെ സഹായിക്കുന്നതാണ്. മാത്രമല്ല ചർമ്മത്തിൽ ജലാംശം നിലിർത്താനും തൈര് നല്ലതാണ്. നിർജ്ജീവ കോശങ്ങളെ പുറന്തള്ളി ചർമ്മത്തിന് പുതു ജീവൻ നൽകാൻ തൈര് മികച്ച ഒരു പരിഹാര മാർഗമാണ്. 2 ടീ സ്പൂൺ അരിപ്പൊടി, 1 ടീ സ്പൂൺ തേൻ, 1 ടീ സ്പൂൺ തൈര്, 1 ടീ സ്പൂൺ കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പായ്ക്ക് മുഖത്ത് തേച്ച് പിടിപ്പിക്കുക. അതിന് ശേഷം 2 മിനിറ്റ് നന്നായി സ്ക്രബ് ചെയ്യുക. ഇതിന് ഇതൊരു 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖക്കുരു, ഡാർക് സ്പോട്ട്സ് എന്നിവ മാറ്റാൻ ഏറെ നല്ലതാണ് ഈ പായ്ക്ക്.