തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറികടന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയോഗിക്കപ്പെട്ട കേരള കേഡര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചുവിളിച്ചു.
ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് ചട്ടം മറികടന്നാണ് വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചത്. സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ മുഖ്യ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സിറാജ് ദിനപത്രം മാനേജ്‌മെന്റ് ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശ്രീറാം വെങ്കിച്ചരാമനെ തിരിച്ചു വിളിച്ചിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമനൊപ്പം ആസിഫ് കെ യൂസുഫിനെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരിച്ചു വിളിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പകരമായി കേരള ആയുഷ് സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, ജാഫര്‍ മാലിക് എന്നിവരെയാണ് നിയോഗിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവൈക നഗര്‍, എഗ്മോര്‍ നിയമസഭാ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണ ചുമതല നല്‍കിയിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ മറികടന്ന് ശ്രീറാമിനെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയ നടപടിക്കെതിരെ സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറല്‍ ഉമേഷ് സിന്‍ഹ, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ, ചീഫ് സെക്രട്ടറി വി പി ജോയി എന്നിവര്‍ക്കാണ് പരാതി നല്‍കിയിരുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി കഴിഞ്ഞയാഴച സെഷന്‍സ് കോടതിയിലേക്ക് വിചാരണക്കായി കമ്മിറ്റ് ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.
ഇത്തരം നിയമനങ്ങള്‍ക്കായി ഓരോ സംസ്ഥാനത്ത് നിന്നും കളങ്കരഹിതരായ ഉദ്യോഗസ്ഥരെയാണ് അതത് ചീഫ് സെക്രട്ടറിമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ശിപാര്‍ശ ചെയ്യുന്നത്. ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ ഇതും ലംഘിക്കപ്പെട്ടതായി സിറാജ് മാനേജ്‌മെന്റ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആസിഫ് കെ യൂസുഫ് വ്യാജ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ചമച്ചതുമായി ബന്ധപ്പെട്ടാണ് ക്രിമിനല്‍ കേസ് നേരിടുന്നത്. സിവില്‍ സര്‍വീസിന് പരീക്ഷയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നത്.