കൊച്ചി: പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ പ്രൊഫ. കെ.കെ. ജോര്‍ജ്ജ് (82) അന്തരിച്ചു. കേരള വികസനാനുഭവങ്ങളുടെ ഭാവിപാത സംബന്ധിച്ച് പ്രവചനാത്മകമായ ഉള്‍ക്കാഴ്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക ശാസ്ത്ര പണ്ഡിതനായിരുന്നു പ്രൊഫ.കെ.കെ. ജോര്‍ജ്ജ്. പബ്ലിക്ക് ഫിനാന്‍സിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരില്‍ ഒരാളായിരുന്നു അദ്ദേഹം. “കേരള വികസനമാതൃകയുടെ പരിമിതികള്‍” എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച രാത്രി 8.45 ഓടെയാണ് പ്രൊഫ. ജോര്‍ജ് അന്തരിച്ചത്. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ (സിഎസ്‌ഇഎസ്) ചെയര്‍മാനാണ്. ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോര്‍ജ് എസ്ബിഐയിലും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവര്‍ത്തിച്ചു. കൊച്ചി സര്‍വ്വകലാശാലയില്‍ സ്കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000ല്‍ വിരമിച്ചു.
ഭാര്യ – ഷേര്‍ളി (റിട്ട. ബിഎസ്‌എന്‍എല്‍). മക്കള്‍ – ജസ്‌റ്റിന്‍ ജോര്‍ജ്ജ് (ബിസിനസ്), ജീന്‍ ജോര്‍ജ്ജ് (അബുദാബി), ഡോ. ആന്‍ ജോര്‍ജ്ജ് (യു സി കോളേജ് ആലുവ). മരുമക്കള്‍ – പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), എബ്രഹാം വര്‍ഗീസ് (അബുദാബി), ഡോ. അറിവഴകന്‍ (സെന്റ് സേവ്യേഴ്‌സ് കോളേജ് പാളയംകോട്ട). മരണാനന്തര ശുശ്രൂഷ ചടങ്ങുകള്‍ ഓഗസ്റ്റ് 12 (വെള്ളിയാഴ്ച) വൈകിട്ട് 3ന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള വസതിയില്‍ ആരംഭിക്കും. സംസ്ക്കാരം സെന്റ് മേരീസ് ജേക്കബൈറ്റ് സിറിയന്‍ ചര്‍ച്ച്, യു.സി. കോളേജ്.
പ്രൊഫ. കെ കെ ജോര്‍ജിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പബ്ലിക്ക് ഫിനാന്‍സിലും കേന്ദ്ര സംസ്ഥാന സാമ്ബത്തിക ബന്ധങ്ങളിലും രാജ്യത്തെ വിദഗ്ധരില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ കേരള വികസന മാതൃകയെപ്പറ്റിയുള്ള പഠനങ്ങള്‍ ശ്രദ്ധേയമാണ്. കേരളത്തിന്റെ വൈജ്ഞാനിക മേഖലക്ക് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.