കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക്കിലെ നിയനമങ്ങളിലും എന്‍ഫോഴ്സ്മെറ്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി. സ്പേസ് പാർക്കിലെ മുന്‍ സ്പെഷ്യൽ ഓഫീസർ സന്തോഷ് കുറിപ്പിന്‍റെ മൊഴിയും രേഖപ്പടുത്തി. പ്രൈസ് വാട്ടർഹൗസ് കുപ്പേഴ്സ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ട് ഇടപ്പെട്ടാണ് സ്പേസ് പാർക്കിൽ നിയമിച്ചതെന്നാണ് വെളിപ്പെടുത്തൽ. യുഎഇ കോൺസുലേറ്റിലെ ജോലി രാജിവെച്ചതിന് ശേഷമാണ് സ്വപ്ന കേരള സർക്കാരിന് കീഴിലെ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെ സ്പേസ് പാർക്ക് പ്രോജക്ടിലെ ഓപ്പറേഷൻസ് മാനേജർ (ജൂനിയർ കൺസൾട്ടന്‍റ്) എന്ന തസ്തികയിൽ ജോലിയിൽ പ്രവേശിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഐടി വകുപ്പിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലിന്‍റെ സ്പെയ്സ് പാർക്ക് പദ്ധതി. ഇവിടെ ഓപ്പറേഷൻസ് മാനേജറായിട്ടായിരുന്നു സ്വപ്നയുടെ നിയമനം. പ്രൈസ് വാട്ടർഹൗസ് കൂപ്പോഴ്സാണ് സ്പേസ് പാർക്കിൽ നിയനമങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയ ഏജന്‍സി. ഇവരാണ് സ്വപ്നയെ നിയമിച്ചത്. 6 മാസവും 18 ദിവസവും ഈ തസ്തികയിൽ സ്വപ്ന ജോലി ചെയ്തു. ആകെ 19 ലക്ഷം രൂപ ശമ്പളമായി സ്വപ്ന കൈപറ്റിയിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, ധനകാര്യവാകുപ്പ് നടത്തിയ പരിശോധനയിലാണ് സ്വപ്നയുടെ നിയമനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തുന്നത്.