തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടിൽ ഇ.ഡിയുടെ അന്വേഷണം കണ്ണൂർ കേന്ദ്രീകരിച്ചുള്ള സി.പി.എം നേതാക്കളിലേക്കും നീങ്ങുന്നതായി സൂചന. കേസിൽ ഒന്നാം പ്രതിയാക്കിയ കണ്ണൂർ സ്വദേശിയും ഇപ്പോൾ തൃശൂരിൽ താമസക്കാരനുമായ പലിശ ഇടപാടുകാരൻ സതീഷ് കുമാറിന്റെ ബന്ധവും ഇടപാടുകളും സംബന്ധിച്ച് ലഭിച്ച വിവരങ്ങളിലാണ് അന്വേഷണം കണ്ണൂർ നേതാക്കളിലേക്കും നീങ്ങുന്നത്. എ.സി. മൊയ്തീനെ കൂടാതെ മറ്റൊരു മുതിർന്ന നേതാവും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള ബാങ്കും ഇ.ഡി നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
ഈ നേതാവിനുനേരെയും അന്വേഷണം ഉണ്ടായേക്കുമെന്ന് പറയുന്നു. ഇതിനൊപ്പം ഒരു എം.എൽ.എക്കും മുൻ എം.പിക്കും പണം ലഭിച്ചതിന് തെളിവുണ്ടെന്ന സൂചനകൾ എത്തുന്നത് സി.പി.എം നേതൃത്വത്തിനുനേരെയാണ്. പണം കൈമാറുന്നത് നേരിട്ട് കണ്ടുവെന്ന സാക്ഷിമൊഴികളും പണമിടപാട് സംബന്ധിച്ച ടെലിഫോൺ സംഭാഷണവും ലഭിച്ചുവെന്നാണ് ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സതീഷ് കുമാർ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങളും ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കി തൃശൂർ ജില്ലയിലെ സി.പി.എം ഭരിക്കുന്ന ബാങ്കുകളിൽ ചില ഇടപാടുകൾ നടന്നതായി ഇ.ഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. അടുത്തദിവസങ്ങളിൽ അതിന്മേൽ പരിശോധന ഉണ്ടായേക്കുമെന്നാണ് സൂചന.