കോഴിക്കോട് : പ്ലസ്ടു കോഴ, നികുതിവെട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയനായ മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയെ ഇഡി ചോദ്യം ചെയ്യാന്‍ തുടങ്ങി. കോഴിക്കോട് യൂണിറ്റ് ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍.
രാവിലെ ഒമ്പതരയ്ക്ക് ഷാജി ഇഡി ഓഫീസിലെത്തി. പത്തോടെ ചോദ്യംചെയ്യല്‍ ആരംഭിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് തിരികെ വരുമ്പോള്‍ പ്രതികരിക്കാം എന്നായിരുന്നു ഷാജിയുടെ മറുപടി.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ്ടു അനുവദിച്ചതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം തുടങ്ങിയത്. ഇതിനിടെയാണ് കോഴിക്കോട് വേങ്ങേരി വില്ലേജിലെ മാലൂര്‍കുന്നില്‍ ഭാര്യയുടെ പേരില്‍ നിര്‍മിച്ച ആഡംബര വീട്ടിലേക്കും അന്വേഷണമെത്തിയത്. അനുവദിച്ചതിലധികം വലിപ്പത്തില്‍ വീട് നിര്‍മിച്ചതായും ആഡംബര നികുതിയുള്‍പ്പെടെ ഒടുക്കിയില്ലെന്നും കണ്ടെത്തി. കോര്‍പറേഷന്‍ അധികൃതര്‍ നടത്തിയ പരിശോധനയിലും കൃത്രിമം വെളിപ്പെട്ടു. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ മുന്‍ പിഎസ്സി അംഗമായ ടി ടി ഇസ്മായിലിനെ രണ്ടുതവണ വിളിച്ചുവരുത്തി.
പ്ലസ്ടു കോഴയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരി ഉള്‍പ്പെടെയുള്ളവരെയും ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയെ തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. തന്റെ പേരിലുള്ള സ്വത്തിന്റെ വരുമാന സ്രോതസ് എന്താണെന്ന് ഷാജിക്കേ അറിയൂ എന്നാണ് ആശ നല്‍കിയിരിക്കുന്ന മൊഴി.
ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാകും ഷാജിയുടെ ചോദ്യം ചെയ്യല്‍. തിങ്കളാഴ്ച പതിനൊന്നര മണിക്കൂറാണ് ആശയെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. ഷാജിയുടെ ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ഉദ്യോഗസ്ഥര്‍ക്കില്ല. അങ്ങിനെയെങ്കില്‍ രണ്ടുഘട്ടമായി ചോദ്യം ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന.