ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടില്‍ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. മന്ത്രിയെയും മകനെയും ചെന്നൈ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്. മന്ത്രിയുടെ പേരിലെ 42 കോടിയുടെ സ്ഥിരനിക്ഷേപം മരവിപ്പിച്ചുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചെന്നൈയിലെ ഇഡി ഓഫീസിലേക്ക് വൈകിട്ട് നാല് മണിക്കാണ് മന്ത്രിയും മകന്‍ ഗൗതം ശിഖമണി എംപിയും എത്തിയത്. ഇന്നലെ ഏഴര മണിക്കൂര്‍ ചോദ്യം ചെയ്തശേഷം മന്ത്രിയെ വിട്ടയച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രാവിലെ കെ പൊന്മുടിയുമായി ഫോണില്‍ സംസാരിച്ചു. ഇഡി നടപടികളെ ധൈര്യത്തോടെ നേരിടണമെന്നും താനും പാര്‍ട്ടിയും പൊന്മുടിക്കൊപ്പം ഉണ്ടാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്നലെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം പുലര്‍ച്ചെ 3.30നാണ് മന്ത്രിയെ ചെന്നൈയിലെ ഇഡി ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥര്‍ വിട്ടയച്ചത്. പുലര്‍ച്ചെ വരെയുള്ള നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ഡിഎംകെ അഭിഭാഷകന്‍ ശരവണന്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 7 മുതല്‍ 9 ഇടങ്ങളില്‍ തുടങ്ങിയ റെയ്ഡിന് ശേഷം ആണ് മന്ത്രിയെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്.