ന്യൂഡല്‍ഹി : സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ണായക നീക്കം. കേസുകള്‍ കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ കോടതയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജിയാണ് ഇ.ഡി ഫയല്‍ ചെയ്തിരിക്കുന്നത്. ഇ.ഡി യുടെ കൊച്ചി സോണല്‍ ഡയറക്ടറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേന്ദ്ര ധന – നിയമ മന്ത്രാലയങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇ.ഡിയുടെ നീക്കം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറടക്കം പ്രതിയായ കേസില്‍ സാക്ഷികളെ സ്വാധീനിച്ചേക്കാമെന്ന ആശങ്കയാണ് കേന്ദ്ര സര്‍ക്കാരും ഇ.ഡിയും ചൂണ്ടിക്കാട്ടുന്നത്. എറണാകുളം ജില്ലാ കോടതിയില്‍ 2020 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റാന്‍ ഇ.ഡി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസാണിത്.
എറണാകുളം ജില്ലാ കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന ആശങ്കയാണ് ഇ.ഡി മുന്നോട്ടുവെക്കുന്നത്. ഈ മാസം ആദ്യമാണ് ഇത്തരത്തില്‍ ഇ.ഡി.സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഇ.ഡി ഹാജരാക്കി. എറണാകുളത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെടുന്ന കേസില്‍ നാല് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി പി.എസ് സരിത്ത്, രണ്ടാം പ്രതി സ്വപ്‌ന സുരേഷ്, മൂന്നാം പ്രതി സന്ദീപ് നായര്‍, നാലാം പ്രതി എം.ശിവശങ്കര്‍ എന്നിങ്ങനെയാണുള്ളത്. ഇതില്‍ ശിവശങ്കറിന്റെ ഇടപെടലില്‍ വിചാണ അട്ടിമറക്കപ്പെടുമെന്നാണ് ഇ.ഡി.പറയുന്നത്.