കൊച്ചി: ഔദ്യോഗിക രേഖകളും തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെടാനുള്ള അധികാരം കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം-2002 (പി.എം.എല്‍.എ) പ്രകാരം തങ്ങള്‍ക്കുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഈ നിയമത്തിലൂടെ കോഡ് ഓഫ് സിവില്‍ പ്രൊസീജിയര്‍-1908 വഴി സിവില്‍ കോടതിയില്‍ അധിഷ്ഠിതമായ അധികാരമാണ് ഉള്ളതെന്ന് വ്യക്തമാക്കി നിയമസഭ പ്രിവിലേജ് കമ്മിറ്റിക്ക് മറുപടി നല്‍കും.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ ലൈഫ് മിഷന് പദ്ധതി മറവില്‍ കള്ളപ്പണ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്ന ഇ.ഡിക്ക് നിയമസഭ പ്രിവിലേജ് കമ്മിറ്റി നല്കിയ നോട്ടീസിനാണ് മറുപടി തയാറാകുന്നത്. യു.എ.ഇ റെഡ് ക്രസന്റ് സംഭാവന ചെയ്ത തുകയില്‍നിന്ന് കമ്മീഷന് കൈപ്പറ്റാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഒത്താശ ചെയ്തതിലും അദ്ദേഹം മേല്‍നോട്ടം വഹിച്ച കെ ഫോണ്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സംബന്ധിച്ചും ഉള്ള അന്വേഷണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാനുള്ള ഇ.ഡി നീക്കം. ഇതിനെ ചോദ്യം ചെയ്ത് നിയമസഭ പ്രിവിലേജ് കമ്മിറ്റി നല്കിയ നോട്ടീസില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
രേഖകള്‍ കണ്ടെടുക്കലും പരിശോധനയും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തല്‍, സത്യവാങ്മൂലങ്ങളില്‍ തെളിവു സ്വീകരിക്കല്‍, രേഖകള്‍ എത്തിക്കുന്നതിന് നിര്‍ബന്ധം ചെലുത്തല്‍ എന്നിങ്ങനെ അന്വേഷണത്തിന് ആവശ്യമായ നടപടി എടുക്കുന്നതില്‍ സിവില്‍ കോടതി സമാനമായ അധികാരമാണ് ഇ.ഡിക്ക്. ഏജന്‍സി സമന്‍സ് നല്കുന്ന ഏതൊരാളും നേരിലോ പ്രതിനിധി വഴിയോ ഹാജരാകണം. ഇന്ത്യന്‍ പീനല്‍ കോഡിലെ 193, 228 വകുപ്പുകള്‍ പ്രകാരം ജുഡീഷ്യല്‍ നടപടിക്രമമായാണ് ഇതിനെ കണക്കുകൂട്ടുക. പി.എം.എല്‍.എ ആക്ട് പ്രകാരം കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ ഏതൊരാളെയും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. കുറ്റകൃത്യത്തിന്റെ ഭാഗമായ വസ്തുവകകള്‍ 180 ദിവസം വരെ മരിവിപ്പിക്കാനും പിടിച്ചെടുക്കാനും കഴിയും. ഏജന്‍സിക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍, സുപ്രീംകോടതി, അപ്ലേറ്റ് ട്രൈബ്യൂണല്‍, ഹൈക്കോടതി എന്നിവക്ക് മാത്രമാണ് മേല്‍നോട്ട അധികാരമെന്നും വ്യക്തമാക്കിയാകും ഇ.ഡി മറുപടിയെന്ന് അറിയുന്നു.