പത്തനംതിട്ട : പത്തനംതിട്ടയിലെ നരബലിയുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും ഭാര്യയുമാണ്. പത്തനംതിട്ട ഇലന്തൂരിനടുത്ത് കുഴിക്കാലാ സ്വദേശി ഭഗവല്‍ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം ചെയ്തത്. ഇവര്‍ക്ക് നരബലിക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയ ഏജന്റ് ഷിഹാബ് എന്ന റഷീദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരോധാനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനൊടുവിലാണ് ക്രൂരകൃത്യത്തെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. പത്മ, റോസിലിന്‍ എന്നിവരാണ് കൊല്ലപ്പെട്ട സ്ത്രീകള്‍. കാലടി സ്വദേശിനിയാണ് കൊല്ലപ്പെട്ട റോസിലിന്‍. കടവന്ത്ര സ്വദേശിനിയാണ് പത്മ. ഇരുവര്‍ക്കും 50 വയസിനടുത്താണ് പ്രായം. ഇലന്തൂരിലുള്ള ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്.
സാമ്പത്തിക അഭിവൃദ്ധിക്കായാണ് നരബലി നടത്തിയത്. മിസിങ് കേസ് അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത് . സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നെന്നാണ് വിവരം. പെരുമ്പാവൂർ സ്വദേശി ഷിഹാബ് എന്ന റഷീദാണ് എജന്റ്. ഭഗവല്‍സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് കസ്റ്റഡിയിലായ ദമ്പതിമാർ. പത്തനംതിട്ട ജില്ലയിലെ ആറന്മുള പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ കുഴിക്കാലായിലാണ് സംഭവം നടന്നത്.
ലോട്ടറി വിൽപന നടത്തി വന്നിരുന്ന ഇതര സംസ്ഥാനക്കാരിയാണ് പത്മ. കടവന്ത്രയിലെ സ്ത്രീയെ കാണാതായത് സംബന്ധിച്ച അന്വേഷണം പത്തനംതിട്ട ഇലന്തൂരിലേക്ക് എത്തിയതോടെയാണ് കാലടിയിൽ നിന്ന് മറ്റൊരു സ്ത്രീയെയും സമാനമായി കാണാതായിരുന്നെന്ന വിവരവും പുറത്ത് വന്നത്. സംഭവത്തില്‍ പ്രതികരണവുമായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. നാഗരാജു രംഗത്തെത്തിയിരുന്നു. സംശയിക്കുന്നത് ശരിയാണെങ്കില്‍ ഇതൊരു ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും പോലീസ് കമ്മീഷണര്‍ പ്രതികരിച്ചു. മൃതദേഹങ്ങള്‍ കണ്ടെടുത്ത് ഡിഎന്‍എ പരിശോധന നടത്തിയ ശേഷമാകും കാണാതായവരാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയെന്നും കമ്മീഷണര്‍ വ്യക്തമാക്കി. അതേ സമയം ഇക്കാര്യത്തില്‍ വൈകുന്നേരത്തോടെ വ്യക്തത വരുമെന്നും അദ്ദേഹം അറിയിച്ചു.
കേസ് സംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ വിശദീകരണം ഇങ്ങനെ: ’50 വയസ്സുള്ള ഒരു സ്ത്രീയെ കാണാതായ കേസ് അന്വേഷിച്ചപ്പോഴാണ് ചില സംശയങ്ങള്‍ വന്നത്. സെപ്റ്റംബര്‍ 26-ാം തിയതിയാണ് ഈ സ്ത്രീയെ കാണാതായത്. കടവന്ത്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു ഇത്. ഒരാളുടെ കൂടെ ഈ സ്ത്രീ പോയതായി അന്വേഷണത്തില്‍ കണ്ടെത്തി. പത്തനംതിട്ടയിലെ ഇലന്തൂരിലേക്കാണ് പോയതെന്നും മനസ്സിലായി. അവിടെ വെച്ച് ഈ സ്ത്രീ കൊല്ലപ്പെട്ടതായാണ് വിവരം. ആഭിചാര ക്രിയയുടെ ഭാഗമായിട്ടുള്ള നരബലിയാണ് നടന്നതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി’, കമ്മീഷണര്‍ പറഞ്ഞു.
കടവന്ത്രയില്‍ നിന്ന് ഈ സ്ത്രീയെ ചതിയിലൂടെയാണ് ഷാഫി കൊണ്ടുപോയത്. ഷാഫിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമുണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞത്. പത്മത്തോട് സാമ്പത്തികമായി നേട്ടമുണ്ടാകുമെന്ന കാര്യം പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയി. എന്നാല്‍ അവിടെ എത്തിയപ്പോള്‍ നടന്നത് വേറെയാണ്. ആളുകളെ എത്തിച്ചതുവഴി ഷിഹാബിന് പണം ലഭിച്ചതായി പറയുന്നുണ്ട്. എന്നാല്‍ അതിന് തെളിവ് ലഭിച്ചിട്ടില്ല. സ്ത്രീകളെ കൊണ്ടുപോയത് ഷിഹാബാണെന്നും കൃത്യം നടക്കുന്ന സമയത്ത് ഷാഫി ഉണ്ടായിരുന്നതായും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. വീട്ടുപറമ്പിലാണ് രണ്ടു മൃതദേഹങ്ങളും അടുത്തടുത്തായി കുഴിച്ചിട്ടതെന്നാണ് ഷാഫി മൊഴി നല്‍കിയിരിക്കുന്നത്.
ദമ്പതികളില്‍ ഒരാള്‍ വൈദ്യനാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലി നടത്തിയാല്‍ ശരിയാകുമെന്ന് പറഞ്ഞാണ് കൊലപാതകം. നരബലി നടത്താന്‍ ആരാണ് ഉപദേശിച്ചത്, ഇതിലെ മുഖ്യകണ്ണി ആരാണ് തുടങ്ങിയവ സംബന്ധിച്ച് വൈകാതെ വ്യക്തത വരും. കൊച്ചിയില്‍ നിന്ന് കൊണ്ടുപോയ ഷാഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദമ്പതികളെ കസ്റ്റഡിയിലെടുത്തത്. ശിഹാബ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
രണ്ടാമത്തെ സ്ത്രീയെ കാണാതായത് രജിസ്റ്റര്‍ ചെയ്തത് ഓഗസ്റ്റിലാണ്. സമാനമായ രീതിയില്‍ ഷിഹാബ് തന്നെ എത്തിച്ച് ഇവരുടെ വീട്ടില്‍ വെച്ച് തന്നെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നത്. ആദ്യത്തെ കൊലപാതകം ജൂണില്‍ നടന്നു. രണ്ടാമത്തെ കൊലപാതകം സെപ്റ്റംബറിലാണ് നടന്നത്. രണ്ടു കൊലപാതകങ്ങളും ക്രൂരമായിട്ടാണ് നടന്നതെന്നും പോലീസ് വ്യക്തമാക്കി.
നരബലിക്കായി ഷാഫി ദമ്പതികള്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്നു. പ്രതികള്‍ മുമ്പും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. രണ്ടാമത്തെ കൊലപാതകം തന്നെ വ്യക്തമായത് രാത്രി മുഴുവന്‍ ചോദ്യം ചെയ്തിട്ടാണ്. രണ്ടു കൊലപാതകങ്ങളും ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നടത്തിയതെന്നും കമ്മീഷണര്‍ പറഞ്ഞു.
റോസ്‌ലിയെ സിനിമാ ചിത്രീകരണത്തിനെന്ന വ്യാജേന കട്ടിലിൽ കിടത്തി. ഭഗവല്‍സിംഗാണ് ഇരയുടെ തലക്ക് ചുറ്റിക കൊണ്ട് അടിച്ച് ബോധം കെടുത്തിയത്. പിന്നീട് ലൈലയാണ് റോസ്‌ലിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയത്. പൂജകളെല്ലാം കഴിഞ്ഞ് മൃതദേഹം അടക്കിയ ശേഷം ശാപത്തിന്റെ സ്വാധീനം കൊണ്ട് പൂജ പരാജയപ്പെട്ടെന്നും ഒരിക്കൽ കൂടി നരബലി നടത്തണമെന്നും റഷീദ് വിശ്വസിപ്പിച്ചു.
ഇങ്ങിനെയാണ് കൊലയാളികൾ പത്മയിലേക്ക് എത്തുന്നത്. നീലച്ചിത്രത്തിൽ അഭിനയിക്കാമെന്ന് പറഞ്ഞാണ് പത്മയെയും ഇലന്തൂര്‍ കുഴിക്കാലായില്‍ എത്തിച്ചത്. പിന്നെല്ലാം റോസ്‌ലി നേരിട്ടതിന് സമാനമായ ക്രൂരത. കഴുത്തിൽ കത്തിയിറക്കുകയും ഒരു രാത്രി മുഴുവൻ പത്മയുടെയും റോസ്‌ലിയുടെയും രഹസ്യ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ രക്തം വീട് മുഴുവൻ തളിച്ചായിരുന്നു പൂജകൾ. രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ച ശേഷം വീട്ടുവളപ്പിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.
നരബലിയുടെ തുടക്കം ഫെയ്സ്ബുക്കിലൂടെയായിരുന്നു. ഫെയ്സ്ബുക്കിൽ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടിൽ നിന്ന് ആദ്യം സൗഹൃദാഭ്യർത്ഥന വരുന്നു. നിരന്തര ചാറ്റുകളിലൂടെ ആ സൗഹൃദം ശക്തമാകുന്നു. എന്നാൽ ഈ ശ്രീദേവി യഥാർത്ഥത്തിൽ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദായിരുന്നു.
ശ്രീദേവിയാണ് ഭഗവല്‍ സിംഗ് വൈദ്യനോട് പെരുമ്പാവൂർ സ്വദേശിയായ മന്ത്രവാദിയെ പ്രീതിപ്പെടുത്തിയാൽ സമ്പത്തും ഐശ്വര്യവും നേടാമെന്ന് വിശ്വസിപ്പിച്ചത്. യഥാർത്ഥത്തിൽ ശ്രീദേവിയെന്ന് ചമഞ്ഞ് റഷീദ്, തന്നെ പ്രീതിപ്പെടുത്താൻ വൈദ്യൻ ഭഗവല്‍ സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. ശ്രീദേവിയെന്ന അക്കൗണ്ട് നൽകിയ മൊബൈൽ നമ്പർ വഴിയാണ് വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെടുന്നത്. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം വൈദ്യൻ ഭഗവല്‍ സിംഗിന്റെ ഭാര്യ ലൈലയെ ഇയാൾ പീഡിപ്പിച്ചു.
ഐശ്വര്യം വരാനെന്ന് പറഞ്ഞായിരുന്നു ഇത്. പിന്നീട് നരബലി നടത്തിയാൽ പൂജ പൂർണ്ണമാകുമെന്ന് വിശ്വസിപ്പിച്ചു. ഇതിനായാണ് തനിക്ക് നേരിട്ട് പരിചയമുള്ള റോസ്‌ലിയെ റഷീദ് കുഴിക്കാലായിലുള്ള വൈദ്യന്‍ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ചത്. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായി കേരളത്തിൽ നരബലി നടന്ന സംഭവം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ദില്ലിയിലടക്കം ഇത് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പരിഷ്കൃത സമൂഹമെന്ന് അഭിമാനത്തോടെ പറയുന്ന കേരളത്തിൽ നരബലി റിപ്പോർട്ട് ചെയ്യപ്പെട്ടത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഒരു കാലത്ത് സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട അറിയപ്പെടുന്ന വൈദ്യ കുടുംബമായിരുന്നു ഭഗവല്‍ സിംഗിന്റെത്. എന്നാൽ സമീപ കാലങ്ങളായി ഉണ്ടായ സാമ്പത്തിക പ്രതിസന്ധി ആവാം ഏതോ ദുർ മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച് ഈ ക്രൂര കൃത്യം ചെയ്യാൻ ദമ്പതികളെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. ജനവാസമേഖലയെങ്കിലും റോഡിൽ നിന്ന് മാറി സ്ഥിതി ചെയ്തിരുന്ന വീട്ടിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് നാട്ടുകാരും പറയുന്നത്. വൈദ്യരുടെ വീട്ടിൽ രാത്രിയും പകലും പുറത്തു നിന്നുള്ള വാഹനങ്ങളും സന്ദർശകരും എത്തുന്നതും സമീപവാസികൾക്ക് അപരിചിതമായ കാഴ്ചകളായിരുന്നില്ല. കഴിഞ്ഞ 50 വർഷത്തിലധികമായി വൈദ്യനായ ഭഗവല്‍ സിംഗും ഭാര്യ ലൈലയും ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. തിരുമ്മലിനും മറ്റുമായി ഇവിടെ പലരും എത്തിയിരുന്നു എന്നും നാട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞു. ദമ്പതികളെ അറസ്റ്റ് ചെയ്യുകയും സംഭവം മാധ്യമശ്രദ്ധ നേടുകയും ചെയ്തതിനു ശേഷമാണ് പ്രദേശത്തെ പലരും വിവരം അറിയുന്നതു തന്നെ.
മാത്രമല്ല സമാനതകളില്ലാത്ത ക്രൂര കൃത്യം ചെയ്തത് നാട്ടിൽ പൊതു സമ്മതരും സൗമ്മ്യരുമായ ദമ്പതികൾ ആണ് എന്നത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് ഭഗവല്‍ സിംഗ്. ഇലന്തൂര്‍ ടൌണ്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി അംഗവുമാണ് ഇയാള്‍. നിലവില്‍ കര്‍ഷക സംഘം ഭാരവാഹികൂടിയാണ് പ്രതി. സംഭവ സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. ആഭിചാര ക്രിയകളും കൊലപാതകങ്ങളും നാടിന് നാണക്കേട് എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ ആണെന്ന കാര്യം വിസ്മരിച്ചുകൊണ്ടായിരുന്നു ഡി.വൈ.എഫ്.ഐ യുടെ പ്രകടനം. ഇത് നാട്ടുകാരിലും പോലീസ് ഉദ്യോഗസ്ഥരിലും കൌതുകമുണര്‍ത്തി.
ഹൈകു കവിതകളിലൂടെ സോഷ്യൽ മീഡിയിലൂടെ ശ്രദ്ധേയമായ വ്യക്തിയാണ് ഭഗവല്‍ സിംഗ് . ഹൈകുവുമായി ബന്ധപ്പെട്ട് പഠനക്ലാസുകൾ നടത്തിയിരുന്നു. മലയാള സാഹിത്യലോകം എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഇയാൾ പഠന ക്ലാസുകൾ സംഘടിപ്പിച്ചിരുന്നത്. 67കാരനായ ഇയാൾ കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ 1970-75 കാലഘട്ടത്തില്‍ പഠിച്ചിരുന്നു. ബാബു എന്നും ഇയാൾ അറിയപ്പെട്ടിരുന്നു. ഇയാളുടെ കവിതകള്‍ക്ക് നിരവധി ആരാധകരുണ്ട്. ഇയാള്‍ കവിയരങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘവും ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരുമാണ് കുഴിക്കാലായില്‍ എത്തിയത്. വീടിനോട് ചേര്‍ന്നു കിടക്കുന്ന തിരുമ്മല്‍ ശാല നാളുകളായി കാട് പിടിച്ചു കിടക്കുകയാണ് . ഇവിടെയാണ് ഒരാളെ കുഴിചിട്ടതെന്നും ഒരാളെ വീടിനു മുറ്റത്തുള്ള ചെമ്പരത്തി ചുവട്ടിലും ആണ് കുഴിചിട്ടതെന്നു പോലീസ് സംശയിക്കുന്നു. സംഭവ സ്ഥലത്തേക്ക് മാധ്യമങ്ങളെ പോലും കടത്തി വിടാതെവന്‍ പോലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്.