കൊച്ചി: കള്ളപ്പണക്കേസുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ അഴിമതിക്കുരുക്കില്‍ പെടുന്നത് ഇതാദ്യമല്ല. ഇഡി ഉദ്യോഗസ്ഥനെ ഒന്നാംപ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തെ ആദ്യകേസാണ് ‘രണ്ടുകോടി രൂപ കൈക്കൂലി’യുടേതെങ്കിലും കേരളത്തിനുപുറത്ത് നിരവധി അഴിമതിക്കേസുകളും അറസ്റ്റുകളും ഇഡിക്കെതിരേ ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഇഡി ഷിംല യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ വിശാല്‍ ദീപിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സ്‌കോളര്‍ഷിപ്പ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ 60 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലായിരുന്നു അറസ്റ്റ്. ഇയാളുടെ വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ ഒരുകോടിയിലധികം രൂപ പണമായി കണ്ടെടുത്തിരുന്നു.
മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കേസ് ഒഴിവാക്കാനാണ് വിശാല്‍ ദീപ് ദേവഭൂമി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ചെയര്‍മാനായ ഭൂപീന്ദര്‍ കുമാര്‍ ശര്‍മയില്‍നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. മുംബൈയില്‍ കഴിഞ്ഞവര്‍ഷം വി.എസ്. ഗോള്‍ഡ് കമ്പനി എന്ന ജൂവലറിയുടെ ഉടമയായ വിപുല്‍ താക്കറില്‍നിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ് യാദവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വിപുല്‍ താക്കറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിരുന്നു. ഇതിനുപിന്നാലെയാണ് 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ജൂവലറി ഉടമയുടെ മകനെ അറസ്റ്റ് ചെയ്യുമെന്ന് സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയത്. വിലപേശലിനൊടുവില്‍ തുക 20 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു.
ഇത് വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ഇയാള്‍ നേരത്തേ കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്നു.രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ 2023-ല്‍ കേസൊഴിവാക്കാന്‍ കൈക്കൂലി വാങ്ങിയതിന് മണിപ്പുരിലെ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിരുന്നു. ചിട്ടിക്കേസുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇഡി ഉദ്യോഗസ്ഥനായ നവല്‍ കിഷോര്‍ മീണയെ അറസ്റ്റ് ചെയ്തത്. ഇംഫാല്‍ ഇഡിയിലെ സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍. കോവിഡ് കാലത്ത് 2021-ല്‍ ബെംഗളൂരുവിലെ ബിസിനസുകാരന്റെ വീട്ടില്‍ വ്യാജറെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥനെയും സഹായിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്ന ബിസിനസുകാരന്റെ ഹോട്ടലിനെതിരേ പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി ഉദ്യോഗസ്ഥനായ ഡി. ചന്നകേശവലു വ്യാജ റെയ്ഡ് നടത്തിയത്. ഇയാള്‍ക്കൊപ്പം സുഹൃത്തായ വീരേഷ് എന്ന സഹായിയുമുണ്ടായിരുന്നു. രണ്ടുകോടി രൂപ നല്‍കിയാല്‍ കേസ് ഒഴിവാക്കിത്തരാമെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ വ്യവസായി ആറുലക്ഷം രൂപ മാത്രേമേ കൈയിലുള്ളു എന്നുപറഞ്ഞ് അത്രയും തുക നല്‍കി. ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെടാന്‍ തുടങ്ങിയതോടെ വ്യവസായി സിബിഐയെ അറിയിക്കുകയായിരുന്നു.