തിരുവനന്തപുരം: സ്കൂളുകളിൽ നടപ്പാക്കിയ സുംബ ഡാന്‍സ് വ്യായാമ പരിശീലന പദ്ധതിയെ വിമര്‍ശിച്ച അധ്യാപകനെതിരായ നടപടിയെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സര്‍ക്കാര്‍ നിലപാട് ചോദ്യം ചെയ്തതിനാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതെന്ന് അധ്യാപക സംഘടന നേതാക്കളുടെ യോഗത്തിൽ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. സുംബ ഡാന്‍സ് അടിച്ചേൽപ്പിക്കില്ലെന്നും മന്ത്രി അറിയിച്ചു. എല്ലാവരും ഏകകണ്ഠമായി അംഗീകരിച്ച സ്കൂൾ സമയമാറ്റം പിൻവലിക്കുന്നത് പരിഗണനയിലില്ലെന്നും യോഗത്തിൽ മന്ത്രി അറിയിച്ചു. കരിക്കുലം കമ്മിറ്റിയിൽ രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരുമുണ്ട്. കോടതി നിർദ്ദേശ പ്രകാരം ആണ് സമയ മാറ്റം നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് അധ്യാപക സംഘടന സമയമാറ്റ തീരുമാനത്തിൽ യോഗത്തിൽ എതിര്‍പ്പറിയിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അധ്യാപക സംഘടനയോഗത്തിനുശേഷമുള്ള വാര്‍ത്താസമ്മേളനത്തിൽ യോഗത്തിലെ കാര്യങ്ങളും മന്ത്രി വി ശിവൻകുട്ടി വിശദീകരിച്ചു. സുംബ ഡാന്‍സ് വിഷയത്തിലും സ്കൂളിലെ സമയമാറ്റ വിഷയത്തിലും ചില അഭിപ്രായങ്ങൾ അധ്യാപക സംഘടനകൾ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു. നേരത്തെ ഏകകണ്ഠമായി തീരുമാനിച്ചതാണ് എല്ലാ കാര്യവുമെന്ന് സംഘടനാ നേതാക്കളെ അറിയിച്ചു. യോഗത്തിൽ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.