തിരുവനന്തപുരം: പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാനാകുന്നില്ല എന്ന പരാതി ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ഒരാൾ ഫോണിൽ സംസാരിക്കുമ്പോൾ മറ്റൊരാളെ വിളിച്ചാൽ കിട്ടില്ലല്ലോ എന്ന് മന്ത്രി പറഞ്ഞു. അത്രമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഒരുപാട് വിദ്യാർത്ഥികൾ ഒന്നിച്ച് സൈറ്റിൽ കയറിയതാണ് പ്രശ്നമായതെന്നും ശിവൻകുട്ടി പറഞ്ഞു. ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ വരുത്താൻ നൽകിയ സമയപരിധി നീട്ടേണ്ടി വരില്ല എന്നും മന്ത്രി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കകം തിരുത്തലുകൾ പൂർത്തിയാക്കണമെന്നാണ് ഹയർസെക്കണ്ടറി വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ സാങ്കേതിക തകരാർ ഉണ്ടായതോടെ കുട്ടികൾക്ക് ഇന്നലെ രാത്രി വരെയും സൈറ്റിൽ കയറാൻ ആയിരുന്നില്ല. ഈ സാഹചര്യത്തിൽ സമയപരിധി നീട്ടി നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഈ ആവശ്യം മന്ത്രി തള്ളിയതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.