തിരുവല്ല: സ്വന്തം മികവ് കൊണ്ട് അല്ല സമൂഹത്തിന്റെ സഹായവും പിൻതുണയും കൊണ്ടാണ് നിലവാരമുള്ള ഉന്നതവിദ്യാഭ്യാസം വേ൪തിരിവുകളില്ലാതെ എല്ലാവർക്കും ലഭിക്കുന്നതെന്ന് മനസ്സിലാക്കി ആ൪ജ്ജിക്കുന്ന വിദ്യാഭ്യാസം മാനവികത ഉയ൪ത്തിപ്പിടിക്കുന്നതിനുളള ഉത്തരവാദിത്തമാണെന്ന തിരിച്ചറിവായി മാറണമെന്നും അർഹതപ്പെട്ട സേവനം തേടിയെത്തുന്നവരുടെ പോക്കറ്റിൽ അവശേഷിക്കുന്ന അവസാന നോട്ടും പിടിച്ചെടുക്കുന്ന ചൂഷകരാകുന്നതിനല്ല വിദ്യാഭ്യാസം നേടേണ്ടത് എന്നും മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ. സി എം ശ്രീജിത്ത് അഭിപ്രായപ്പെട്ടു. നാല് വർഷ ബിരുദത്തിനായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി തിരുവല്ല മാർത്തോമ്മ കോളേജ് സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം “ദീക്ഷാരംഭ്” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേവലമായ അതിർവരമ്പുകൾ ഇല്ലാതെ ശാസ്ത്ര-മാനവിക, ഭാഷാ വിഷയങ്ങൾ പഠിക്കാൻ സഹായകരമാകുന്ന നാല് വർഷ ബിരുദ പാഠ്യപദ്ധതി വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ വ൪ദ്ധിപ്പിക്കുന്നതിനൊടൊപ്പം മെച്ചപ്പെട്ട ജീവിത വീക്ഷണവും കാഴ്ചപ്പാടും നൽകുന്നതിന് ഉതകുന്ന രീതിയിലാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു വ൪ക്കി ടി. കെ, ട്രഷറർ തോമസ് കോശി, പ്രൊഫ. മനേഷ് ജേക്കബ്, കൺവീനർ ഡോ. സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധരുടെ പ്രഭാഷണങ്ങൾ, പരിശീലന പരിപാടികൾ എന്നിവ തുട൪ ദിവസങ്ങളിൽ നടക്കും.